എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരെ നിയമപരമായ നടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് നൽകിയ പരാതിയിലാണ് നടപടി.ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബർ 19ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
അതേസമയം എഡിഎം കെ. നവീൻ ബാബുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിൽ എത്തിക്കും. മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ പത്തനംതിട്ട കളക്ട്രേറ്റിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. നാട്ടിലേക്ക് ട്രാൻസ്ഫറായി മടങ്ങാനിരിക്കെയാണ് നവീനെ കണ്ണൂരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്.