വിതുര : വിതുര പഞ്ചായത്തിലെ അങ്കണവാടികളിൽ കുട്ടികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും വിതരണം നടത്തുന്നതിനായി എത്തിച്ച ഭക്ഷ്യധാന്യങ്ങൾക്ക് ഗുണനിലവാരമില്ലെന്ന് പരാതി. അരി, അവിൽ എന്നിവയിൽ ചെള്ളും പ്രാണികളും പുഴുവും കണ്ടെത്തി. ഗോതമ്പിൽ പഴയതും പുതിയതും കൂട്ടികലർന്ന നിലയിലുമാണ്.
രണ്ടാഴ്ചയ്ക്ക് മുൻപ് അങ്കണവാടികളിൽ എത്തിച്ച ധാന്യങ്ങൾക്ക് ഗുണനിലവാരം തീരെകുറവാണെന്ന് വർക്കർമാർ ചൂണ്ടിക്കാട്ടിയതോടെ സ്റ്റോക്ക് മടക്കിക്കൊണ്ടുപോയിരുന്നു. കഴിഞ്ഞയാഴ്ച എത്തിച്ച പുതിയ സ്റ്റോക്കിന്റെ അവസ്ഥയും പഴയപടിതന്നെയായിരുന്നു. നിലവിൽ ഭക്ഷ്യധാന്യങ്ങൾ കുട്ടികൾക്ക് നൽകുവാൻ കഴിയാത്ത അവസ്ഥയാണെന്നാണ് പരാതി. അങ്കണവാടികളിൽ ഭക്ഷ്യവിതരണത്തിന്റെ പേരിൽ നടക്കുന്ന അഴിമതിയും കൃത്യവിലോപവും അന്വേഷണവിധേയമാക്കണമെന്ന് ഇന്ത്യൻനാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി നന്ദിയോട് ജീവകുമാർ ആവശ്യപ്പെട്ടു. അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും