ഇ -പോസ് യന്ത്രത്തിൽ വിരലടയാളം പതിയാത്തവരുടെ റേഷൻകാർഡ് മസ്റ്ററിങ് അനിശ്ചിതത്വത്തിൽ. കണ്ണടയാളം സ്വീകരിച്ച് മസ്റ്ററിങ് പൂർത്തിയാക്കാനുള്ള ഐറിസ് സ്കാനർ വാങ്ങിക്കൊടുക്കാൻ സർക്കാർ തയ്യാറാകാത്തതും സ്വന്തംനിലയ്ക്കു വാങ്ങില്ലെന്നു റേഷൻകടക്കാരും വ്യക്തമാക്കിയതോടെയാണ് അനിശ്ചിതത്വം. വിരലടയാളം പതിയാത്തവരുടെ മസ്റ്ററിങ് പൂർത്തിയാക്കാനുള്ള സമയം 25 വരെ നീട്ടിയതിന്റെ പ്രയോജനം ഇതോടെ ഇല്ലാതായി.
ഒട്ടേറെപ്പേരുടെ മസ്റ്ററിങ് പരാജയപ്പെടുന്നുണ്ട്. ആധാർ ബയോമെട്രിക് വിവരം പുതുക്കിയിട്ടും വിരലടയാളം പൊരുത്തപ്പെടാത്തവരുണ്ട്. ഇവരുടെ മസ്റ്ററിങ് പൂർത്തിയാക്കാൻ ഐറിസ് സ്കാനർ നിർബന്ധമാണ്.
റേഷൻവിതരണവുമായി ബന്ധപ്പെട്ട് മുൻപ് വിരലടയാളം പതിയാതിരുന്നപ്പോൾ ഐറിസ് സ്കാനർകൂടി അനുവദിക്കണമെന്ന് റേഷൻകടക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയില്ല. മൊബൈൽ ഫോണിലെ ഒ.ടി.പി. വഴി റേഷൻ വിതരണംചെയ്യാൻ കഴിയുമെന്നതിനാലായിരുന്നു അത്. എന്നാൽ, മസ്റ്ററിങ്ങിന് അതു സാധ്യമല്ല.
3,000 മുതൽ 15,000 വരെ രൂപ വിലയുള്ള ഐറിസ് സ്കാനർ വിപണിയിൽ ലഭ്യമാണ്. സംസ്ഥാനത്തെ 14,184 റേഷൻകടക്കാർക്ക് വിലകുറഞ്ഞ ഐറിസ് സ്കാനർ നൽകണമെങ്കിൽ അഞ്ചുകോടിയോളം രൂപ വേണം. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ഭക്ഷ്യവകുപ്പോ സർക്കാരോ അതിനു തയ്യാറായിട്ടില്ല.
അതോടെ ഐറിസ് സ്കാനർ വാങ്ങി മസ്റ്ററിങ് പൂർത്തിയാക്കേണ്ട ചുമതല റേഷൻകടക്കാരുടേതായി. മസ്റ്ററിങ്ങിനു പ്രതിഫലം കിട്ടില്ല. റേഷൻവിതരണ പ്രതിഫലവും രണ്ടുമാസമായി മുടങ്ങിയിരിക്കുകയാണ്. അതിനിടെ ഐറിസ് സ്കാനർ കൂടി വാങ്ങാനാകില്ലെന്നാണ് റേഷൻകടക്കാരുടെ നിലപാട്.