Skip to content

  • Home
  • About
  • About Trivandrum
  • Contact

ആയുഷ് മെഡിക്കൽ ക്യാമ്പുകളിൽ പങ്കെടുക്കുന്നവരുടെ തുടർ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്

Editor, October 15, 2024October 15, 2024

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആയുഷ് വകുപ്പ്, പട്ടികജാതി പട്ടികവർഗ വികസന വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആയുഷ് മെഡിക്കൽ ക്യാമ്പുകളിൽ പങ്കെടുക്കുന്നവരുടെ തുടർ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആയുഷ് വകുപ്പിന്റേയും ആരോഗ്യ വകുപ്പിന്റേയും വിവിധ സ്ഥാപനങ്ങളിലൂടെയാണ് ഇവരുടെ തുടർ ചികിത്സ ഉറപ്പാക്കുന്നത്. സംസ്ഥാനമൊട്ടാകെ സമയബന്ധിതമായി ക്യാമ്പുകൾ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. പൂർണമായും സൗജന്യമായ ഈ മെഡിക്കൽ ക്യാമ്പുകളിൽ പൊതു ആരോഗ്യ പരിശോധനകളും മരുന്ന് വിതരണവും കൂടാതെ, പ്രാഥമിക ലബോറട്ടറി സേവനങ്ങൾ, ബോധവത്ക്കരണ ക്ലാസുകൾ, യോഗ പരിശീലനം എന്നിവയും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ആയുഷ് മെഡിക്കൽ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

allianz-education-kottarakkara

ആദ്യമായിട്ടാണ് പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിനായി ഇങ്ങനെ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. മാതൃ ശിശു ആരോഗ്യമാണ് ഈ ക്യാമ്പുകളിലൂടെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. പ്രത്യേക പരിഗണന അർഹിക്കുന്ന പട്ടികവർഗ വിഭാഗങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകും. വിളർച്ചാ നിവാരണം, ജീവിതശൈലീ രോഗങ്ങൾ, വയോജനാരോഗ്യം തുടങ്ങിയ വിവിധ വിഷയങ്ങൾക്ക് ഊന്നൽ നൽകിയാണ് പ്രവർത്തിക്കുക.

സമൂഹത്തിന്റെ ആരോഗ്യത്തിന് വ്യക്തികളുടേയും കുടുംബങ്ങളുടേയും ആരോഗ്യം അനിവാര്യമാണ് എന്നുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷം ആരോഗ്യ വകുപ്പ് പ്രവർത്തനങ്ങൾ നടത്തി വരുന്നത്. ഇതിന്റെ ഭാഗമായാണ് ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ 608 മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നത്. ഈ വർഷം ആയുഷ് വകുപ്പ് സംസ്ഥാനത്തുടനീളം 2408 വയോജന ക്യാമ്പുകൾ നടത്തുകയുണ്ടായി. നല്ല പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. ഈ കാലഘട്ടത്തിൽ 150 ആയുഷ് സ്ഥാപനങ്ങൾക്ക് എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചു. രണ്ടാംഘട്ടത്തിൽ 100 സ്ഥാപനങ്ങൾക്ക് എൻഎബിഎച്ച് അക്രഡിറ്റേഷൻ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.

കഴിഞ്ഞവർഷം സംസ്ഥാനത്ത് ആയിരത്തോളം യോഗ ക്ലബ്ബുകൾ ആരംഭിച്ചു. വീടുകളിൽ നിന്നും സഹോദരിമാർ ഉൾപ്പെടെ ഈ യോഗ ക്ലബ്ബുകളിലേക്ക് എത്തി യോഗ പരിശീലിക്കുന്ന കാഴ്ചയാണ് കണ്ടത്. ആ പ്രോത്സാഹനത്തിന്റെ അടിസ്ഥാനത്തിൽ പതിനായിരത്തോളം യോഗ ക്ലബുകൾ ഈ വർഷം തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരംഭിക്കാൻ പോവുകയാണ്.

ജനിയ്ക്കുന്ന കുഞ്ഞുങ്ങൾക്ക് ആവശ്യമായിട്ടുള്ള തുടർച്ചയായ ആരോഗ്യ ഇടപെടൽ ഈ മേഖലയിൽ ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. നവജാത ശിശുക്കളുടെ സ്‌ക്രീനിങ്ങിന്റെ ഭാഗമായി അനീമിയ കൂടി ഉൾപ്പെടുത്തി. സിക്കിൾസെൽ അനീമിയ രോഗികൾക്കായി ആദ്യമായി പോയിന്റ് ഓഫ് കെയർ ചികിത്സ ലഭ്യമാക്കി. അനീമിയ പരിഹരിക്കുന്നതിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന വിവ കേരളം പോലുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇത്തരം ക്യാമ്പുകളിലൂടെ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി. സജിത് ബാബു സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. എം.പി. ബീന, ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പ് ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർ, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ സജീവൻ, ഭാരതീയ ചികിത്സാ വകുപ്പ് ജോ. ഡയറക്ടർ ഡോ. സലജ കുമാരി, ഹോമിയോപ്പതി മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ ഡോ. ടി.കെ. വിജയൻ, ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ ഡോ. സജി പി.ആർ., ഡോ. ആർ. ജയനാരായണൻ, ഡോ. അജിത അതിയടത്ത്, ഡോ. പ്രിയദർശിനി, മീനാറാണി, ഡോ. ഷൈജു കെ.എസ്. എന്നിവർ പങ്കെടുത്തു.

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes