ജറുസലം: ദക്ഷിണ ലബനനിലെ യുഎൻ സമാധാനസേനാ കേന്ദ്രത്തിൽ വീണ്ടും ഇസ്രയേൽ സേനയുടെ ആക്രമണം. ‘ബ്ലൂലൈൻ’ ലംഘിച്ച ഇസ്രയേൽ സേനയുടെ ടാങ്കുകൾ സമാധാന സേനാ കേന്ദ്രത്തിന്റെ പ്രധാന ഗേറ്റ് തകർത്തെന്നും സംഘർഷത്തിൽ 15 സമാധാന സേനാംഗങ്ങൾക്ക് നേരിയ പരുക്കേറ്റതായും അധികൃതർ അറിയിച്ചു. വിശദീകരണം തേടിയെങ്കിലും ഇസ്രയേൽ പ്രതികരിച്ചിട്ടില്ലെന്നും അറിയിച്ചു. വടക്കൻ ഗാസയിലും തെക്കൻ ലബനനിലും ഇസ്രയേൽ സേന ആക്രമണം ശക്തമാക്കി. മധ്യ ഗാസയിലെ നുസേറത്ത് അഭയാർഥി ക്യാംപിലെ ഒരു വീട് ബോംബാക്രമണത്തിൽ തകർന്ന് 6 കുട്ടികൾ ഉൾപ്പെടെ 8 പേർ കൊല്ലപ്പെട്ടു. 7 പേർക്കു പരുക്കേറ്റു.
വടക്കൻ ഗാസയിൽ ഇസ്രയേൽ ടാങ്കുകളുടെ മുന്നേറ്റം തടയാൻ ഹമാസ് സംഘടിക്കുന്നുവെന്ന റിപ്പോർട്ടുകളെത്തുടർന്ന് ജബാലിയ അഭയാർഥി ക്യാംപിൽ പലതവണ കനത്ത ബോംബാക്രമണമുണ്ടായി. ഒട്ടേറെപ്പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. ഗാസ നഗരം ഉൾപ്പെടെ വടക്കൻ ഗാസയിലെ മുഴുവൻ ആളുകളോടും ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സേന ആവശ്യപ്പെട്ടിരുന്നു. ഈ മാസം ഒന്നിനുശേഷം ഇവിടേക്ക് ഭക്ഷ്യവസ്തുക്കളൊന്നും എത്തിയിട്ടില്ലെന്നു യുഎൻ അറിയിച്ചു. ബെയ്ത് ഹനൂൻ, ജബാലിയ, ബെയ്ത് ലഹിയ പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. ഇവിടെ നിന്നും ആരെയും പുറത്തുകടക്കാൻ അനുവദിക്കാതെ ഇസ്രയേൽ സേന പരിശോധന ശക്തിപ്പെടുത്തി.
ഹമാസിനെ പിന്തുണച്ച് ഇസ്രയേലിലേക്കു മിസൈൽ, റോക്കറ്റ് ആക്രമണം നടത്തുന്ന ഹിസ്ബുല്ലയ്ക്കെതിരെ ദക്ഷിണ ലബനനിൽ നിരന്തര ഡ്രോൺ ആക്രമണം നടത്തി. നബാത്തിയേ നഗരത്തിലെ പൗരാണിക വ്യാപാരകേന്ദ്രം ബോംബിങ്ങിൽ പൂർണമായും തകർന്നു. ഒരാൾ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഓട്ടമൻ കാലത്തെ വ്യാപാരകേന്ദ്രമാണിത്. 12 ഭവനസമുച്ചയങ്ങളും 40 വ്യാപാരശാലകളും തകർന്നിട്ടുണ്ട്. 2 ആംബുലൻസുകളും ആക്രമണത്തിൽ തകർന്നു. ഹിസ്ബുല്ല ആയുധങ്ങൾ കടത്താൻ ആംബുലൻസ് ഉപയോഗിക്കുന്നതായി ഇസ്രയേൽ ആരോപിച്ചിരുന്നു.