കോഴിക്കോട്: നാടക–സിനിമ ഗായികയും അഭിനേത്രിയുമായ മച്ചാട്ട് വാസന്തി (81) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. വർഷങ്ങൾക്കു മുൻപ് അപകടത്തിൽ പരുക്കേറ്റിരുന്ന വാസന്തി വാർധക്യസഹജമായ അസുഖങ്ങളാലും ചികിത്സയിലായിരുന്നു. ‘പച്ചപ്പനംതത്തേ പുന്നാര പൂമുത്തേ, പുന്നെല്ലിൻ പൊൻകതിരേ…’ എന്നതുൾപ്പെടെ മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഒട്ടേറെ പാട്ടുകളാണു വാസന്തി അനശ്വരമാക്കിയത്. സംഗീതജ്ഞന് ബാബുരാജിന്റെ പ്രിയപ്പെട്ട ഗായികയായ മച്ചാട്ട് വാസന്തി നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുണ്ട്.
കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും വിപ്ലവ ഗായകനും റേഡിയോ ആർട്ടിസ്റ്റുമായ മച്ചാട് കൃഷ്ണന്റെയും കല്യാണിയുടെയും മകളായി കണ്ണൂർ കക്കാടാണു ജനനം. കണ്ണൂരിൽ നടന്ന കിസാൻസഭാ സമ്മേളന വേദിയിലാണു കുഞ്ഞു വാസന്തി ആദ്യമായി പാടുന്നത്. ഇ.കെ.നായനാരാണു കുട്ടിയെ വേദിയിലെത്തിക്കാൻ നിർദേശിച്ചത്. 9 വയസ്സുള്ള വാസന്തിയെ നായനാർ വേദിയിലേക്ക് എടുത്തുകയറ്റുകയായിരുന്നു. വാസന്തിയുടെ പാട്ട് അച്ഛന്റെ കൂട്ടുകാരനായിരുന്ന എം.എസ്.ബാബുരാജിനും ഇഷ്ടമായി. കല്ലായിയിൽ ബാബുരാജിന്റെ താമസസ്ഥലത്ത് ദിവസവും രാവിലെയെത്തി വാസന്തി സംഗീതം അഭ്യസിച്ചു.
ഓളവും തീരവും സിനിമയിലെ മണിമാരൻ തന്നത് പണമല്ല, പൊന്നല്ല എന്ന മച്ചാട്ട് വാസന്തി പാടിയ പാട്ട് അന്നത്തെ സൂപ്പര്‍ ഹിറ്റായിരുന്നു. ബാബുരാജിന്റെ ആദ്യ സിനിമ മിന്നാമിനുങ്ങിലെ ആദ്യ പാട്ടും പാടിയതും വാസന്തിയാണ്. മീശ മാധവനിലും മച്ചാട്ട് വാസന്തി പാടിയിട്ടുണ്ട്