നരിക്കുനി ഇന്നലെ കഞ്ചാവുമായി പിടിയിലായ ഇതര സംസ്ഥാന തൊഴിലാളിയുടെ പിറകിൽ വൻ ശൃംഖല എന്ന് സംശയം.
നരിക്കുനി ബസ് സ്റ്റാൻഡ് മറ്റു ഇടവഴികൾ എന്നിവ കേന്ദ്രീകരിച്ച് അന്യസംസ്ഥാന തൊഴിലാളികൾ വഴി ഇത്തരം ലഹരി ഉൽപ്പന്നങ്ങൾ എത്തിച്ച് വിതരണം ചെയ്യുന്നതായി നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.
ബസ് സ്റ്റാൻഡിനു മുൻവശത്ത് കൂടി ഹൈസ്കൂളിലേക്കുള്ള റോഡിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ വിളയാട്ടം മൂലം പ്രദേശവാസികൾക്ക് കൂടി നടക്കാൻ പറ്റാത്ത അവസ്ഥയാണ്.ഇവരെചോദ്യം ചെയ്താൽ നാട്ടുകാർക്ക് നേരെ തിരിയുന്നത് നിത്യ സംഭവമാണ്. ഈ അതിക്രമങ്ങൾക്കെതിരെ യുവജന സംഘടനകളോ ഗ്രാമപഞ്ചായത്ത് അധികൃതരോ മറ്റ് നിയമ സംവിധാനമോ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാത്തത് ഇവർക്ക്
കൂടുതൽ ഊർജ്ജം പകർന്നു.
ഇന്നലെയാണ് പശ്ചിമബംഗാൾ മാൾഡ സ്വദേശി മനാറുൽ ഹുസൈൻ പിടിയിലായത്.. രഹസ്യ വിവരത്തെ തുടർന്ന് കൊടുവള്ളി ഇൻസ്പെക്ടർ കെ പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം താമസ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
വട്ടപ്പാറ പൊയിലിലെ മനാറുൽ താമസിക്കുന്ന സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഒരു കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. വിൽപ്പന ലക്ഷ്യമിട്ട് ചെറിയ പായ്ക്കറ്റുള്ളായി സൂക്ഷിച്ചതായിരുന്നു കഞ്ചാവ്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ഉൾപ്പെടെ ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായി പോലീസ് അറിയിച്ചു.
കഴിഞ്ഞദിവസം കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നരിക്കുനി സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.