തൃശ്ശൂര്‍ | പൂരം കലക്കലുമായി ബന്ധപ്പെട്ട എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയാറാകാതെ സംസ്ഥാന സര്‍ക്കാര്‍. രഹസ്യസ്വഭാവമുള്ള രേഖയാണെന്ന വിശദീകരണം നല്‍കിയാണ് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയാറാകാത്തത്. മാതൃഭൂമി ന്യൂസ് നല്കിയ വിവരാവകാശ രേഖയിലാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നിയമസഭയില്‍ ആരോപണം ഉയര്‍ന്നതോടെ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം.
തൃശ്ശൂര്‍ പൂരം കലക്കലില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍, ആരാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്നും എന്ത് തരത്തിലാണ് ഇത് നടത്തിയതെന്നും വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് പൂഴ്ത്തിയിരിക്കുന്നത്. വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 24/4 അനുസരിച്ച് രഹസ്യസ്വഭാവമുള്ള രേഖയായി പരിഗണിച്ചാണ് ഈ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പുറത്തുവിടാത്തത്.
മുമ്പ് എ.ഡി.ജി.പിക്ക് എതിരായ അന്വേഷണരേഖ വിവരാവകാശ രേഖയിലൂടെ ആവശ്യപ്പെട്ട ഘട്ടത്തിലും സമാനമായ നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചത്. എന്നാല്‍, തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൊതുജനങ്ങളില്‍ നിന്ന് സര്‍ക്കാരിന് എന്താണ് മറയ്ക്കാനുള്ളതെന്നാണ് ഉയരുന്ന ചോദ്യങ്ങള്‍. ഇക്കാര്യത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരണമെന്ന് നിലപാടാണ് അവിടുത്തെ ദേവസ്വം പോലും സ്വീകരിച്ചിരുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച വി.എസ്. സുനില്‍ കുമാറും ഈ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി വിവരാവകാശ നിയമപ്രകാരം (ആര്.ടി.ഐ) അപേക്ഷ നല്‍കിയിട്ടുണ്ട്. പൂരം കലക്കലുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയില്‍ ഉള്‍പ്പെടെ നിലനില്‍ക്കുന്നുണ്ടെങ്കിലും അവിടെയൊന്നും സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആര്.ടി.ഐ. മുഖേന മാത്രമേ ഈ റിപ്പോര്‍ട്ട് പുറത്തുവരാനുള്ള സാധ്യതയുള്ളൂ.
വിവരാവകാശ നിയമത്തിലെ 24/4 സെക്ഷന്‍ അനുസരിച്ച് രാജ്യതാത്പര്യത്തെ മുന്‍നിര്‍ത്തി രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യ സ്വഭാവമുള്ള കാര്യങ്ങള്‍, ഇന്റലിജന്‍സ് രേഖകള്‍ എന്നിവയാണ് ആര്.ടി.ഐ. വഴി പുറത്തുവിടേണ്ടാത്തവ. ഇത്തരം വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ഇന്റലിജെന്‍സ് രേഖകള്‍, സെന്‍സിറ്റീവ് റെക്കോഡുകള്‍ എന്നിവയാണ് ആഭ്യന്തര വകുപ്പിലെ ആര്.ടി.ഐ. പരിധിയില്‍ വരാത്ത രേഖകള്‍