തിരുവനന്തപുരം: നിയമസഭ സമ്മേളനം തുടരുന്നതിനിടെ സഭയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയിലെത്തിയിരുന്നില്ല. തൊണ്ട വേദനയും പനിയുമുള്ളതിനാലാണ് വിട്ടുനിന്നതെന്നായിരുന്നു വിശദീകരണം. എന്നാൽ വളരെ പ്രധാനപ്പെട്ട എഡിജിപി-ആർഎസ്എസ് ബന്ധത്തിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയം നടക്കുന്നതിനിടയിൽ മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചർച്ചയായിരുന്നു. ഇന്ന് സഭ സമ്മേളനം തുടങ്ങിയതോടെ ചോദ്യോത്തര വേളയിൽ മന്ത്രി കെബി ഗണേഷ് കുമാർ സംസാരിച്ചു.
93 ഡിപ്പോകളിൽ നിന്നും 85% ഡിപ്പോകൾ ലാഭകരമാണ്. ടാർഗറ്റ് 9 കോടി രൂപയാണ്. ഇതിലേക്ക് എത്തിക്കാൻ ജീവനക്കാർ ശ്രമിക്കുന്നുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. നേട്ടങ്ങൾ കൈവരിക്കുന്ന ജീവനക്കാർക്ക് പാരിതോഷികം നൽകും. ബസുകൾ ഘട്ടം ഘട്ടമായി സിഎൻജിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലേക്ക് ചെറിയ ബസുകൾ വാങ്ങാനുള്ള ടെൻഡർ വിളിച്ചിട്ട് ഉണ്ട്. ധനവകുപ്പ് 93 കോടി രൂപ ബഡ്ജറ്റിൽ വകയിരിത്തിയിട്ടുണ്ടെന്നും മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. അതേസമയം, കോഴിക്കോട് കെഎസ്ആർടിസി ബസ് തോട്ടിലേക്ക് മറിഞ്ഞ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. അപകടം ഡ്രൈവറുടെ കുഴപ്പമല്ല. അപകടം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിച്ചുവെന്നും ഇരുചക്ര വാഹന യാത്രികനെ രക്ഷിക്കുന്നതിന്റെ ഭാഗമായി ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.