ബൈക്ക് ടാക്‌സികള്‍ നിയമവിധേയമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇത് വിശദീകരിക്കുന്ന മോട്ടോര്‍ വാഹന നിയമഭേദഗതിയുടെ കരട് രേഖ സര്‍ക്കാര്‍ പൊതുജനാഭിപ്രായത്തിനായി പുറത്തുവിട്ടു. കരടുരേഖ അംഗീകരിക്കപ്പെട്ടാല്‍ ഇനി ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും ടാക്‌സി രജിസ്‌ട്രേഷന്‍ നേടാം. മഞ്ഞ നമ്പര്‍ പ്ലേറ്റുമായി സര്‍വീസും നടത്താം. നിലവില്‍ ഓല, ഊബര്‍, റാപിഡോ പോലുളള പ്രൈവറ്റ് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ ഇന്ത്യയിലെ ചില നഗരങ്ങളിൽ ബൈക്ക് ടാക്സി സാന്നിധ്യമറിയിച്ചിട്ടുണ്ട്.
എന്നാല്‍ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഇത്തരം ബൈക്ക് സര്‍വീസുകള്‍ക്ക് നിരോധനമാണുള്ളത്. നിലവിലുള്ള നിയമങ്ങള്‍ പ്രകാരം ഇരുചക്രവാഹനങ്ങള്‍ കൊമേഴ്ഷ്യല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്. പിടികൂടിയാല്‍ കനത്ത പിഴയും ആവര്‍ത്തിച്ചാല്‍ തടവ് ശിക്ഷ വരെയും ലഭിച്ചേക്കാം. നിയമഭേദഗതിയിലുടെ ഇതും മാറും. മോട്ടോര്‍വാഹന നിയമത്തില്‍ ടാക്‌സി വാഹനങ്ങളെ കുറിച്ച് പറയുന്ന കോണ്‍ട്രാക്ട് കാരിയര്‍ നിര്‍വചനത്തിലാണ് ഇപ്പോള്‍ ബൈക്കുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കരട് രേഖയില്‍ ഒക്ടോബര്‍ 15 വരെയാണ് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനാവുക.