ബൈറൂത്ത്: തെക്കൻ ലബനാനിൽ ഹിസ്ബുല്ലയും ഇസ്രായേൽ സൈന്യവും നേർക്കുനേർ ഏറ്റുമുട്ടുന്നു. ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ എട്ടു ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു. ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
നിരവധി സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സൈനിക സ്ക്വാഡ് കമാൻഡർ ക്യാപ്റ്റൻ ഈതൻ ഇറ്റ്സാക്ക് ഓസ്റ്റർ (22) ഉൾപ്പെടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലബനാനിൽ കരയുദ്ധം തുടങ്ങി ദിവസങ്ങൾക്കുള്ളിലാണ് ഒറ്റദിനം മാത്രം എട്ടു ഇസ്രായേൽ സൈനികർ കൊല്ലപ്പെടുന്നത്. അതേസമയം, മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണത്തിന് ഒരുങ്ങുന്നതായി സൂചനയുണ്ട്.