ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്റെ കുടുംബം. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു. അര്‍ജുന്റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം ആദ്യമായാണ് കുടുംബം മാധ്യമങ്ങളെ കാണുന്നത്. അര്‍ജുന്റെ മരണത്തില്‍ മനാഫ് മാര്‍ക്കറ്റിങ് നടത്തുന്നുവെന്നും അര്ജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണെന്നും കുടുംബം ആരോപിച്ചു. കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്ത് അത് മറ്റൊരു രീതിയിലേക്ക് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അര്ജുന് സംഭവത്തെ വൈകാരികമായി ചിലര്‍ മുതലെടുക്കാന്‍ ശ്രമിച്ചു. ഇതിന്റെ പേരില്‍ കുടുംബത്തിനെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത് എന്നും ജിതിൻ പറയുന്നു. അര്‍ജുന്റെ പണമെടുത്ത് ജീവിക്കുന്ന സഹോദരിമാര്‍, സഹോദരന്മാര്. അര്ജുന് മരിച്ചത് നന്നായിയെന്ന പോലുള്ള കമന്റുകള്‍ കേട്ടപ്പോള്‍ തകര്‍ന്ന് തരിപ്പണമായി,എന്നും ജിതിന് പറഞ്ഞു.
അതേസമയം, അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവര്ക്കും നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു. തെരച്ചിലിന്റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചതെന്നും എല്ലാവര്ക്കും നന്ദിയുണ്ടെന്നുമായിരുന്നു കുടുംബത്തിന്റെ വാക്കുകൾ.അര്‍ജുന്റെ അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരൻ എന്നിവരും ജിതിനൊപ്പം ഉണ്ടായിരുന്നു. ഈശ്വര്‍ മാല്‍പെയ്ക്കെതിരെയും കുടുംബം രംഗത്തെത്തി. ‘മൂന്നാം ഘട്ട തിരച്ചിലില്‍ മാല്‍പെയുടെ ആവശ്യമുണ്ടായിരുന്നില്ല. മാല്‍പെയും മനാഫും നാടകം കളിച്ച് രണ്ട് ദിവസം നഷ്ടമാക്കി. മാല്‍പെ ഔദ്യോഗിക സംവിധാനത്തെ നോക്കുകുത്തിയാക്കി യുട്യൂബ് ചാനലിലൂടെ കാര്യങ്ങള്‍ പറഞ്ഞു,’ അവര്‍ പറഞ്ഞു.
മനാഫിനും യൂട്യൂബ് ചാനലുണ്ടെന്നും അവര്‍ വ്യക്തമാക്കി. ‘മനാഫിനും യൂട്യൂബ് ചാനലുണ്ട്. യൂട്യൂബ് ചാനലിന് വേണ്ടിയുള്ള നാടകമായിരുന്നു. അര്‍ജുനെ കിട്ടിയാല്‍ എല്ലാം നിര്‍ത്തുമെന്ന് പറഞ്ഞിട്ടും ഒന്നും ചെയ്യുന്നില്ല. ട്രെഡ്ജര്‍ വരില്ലെന്ന് പറഞ്ഞ് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചും നാടകം കളിച്ചു. കാര്‍വാര്‍ എസ്പിയും എംഎല്‍എയും മനാഫിനെ അവിടെ നിന്ന് മാറ്റാന്‍ ഞങ്ങളോട് പറഞ്ഞിരുന്നു. എന്നിട്ടും മനുഷ്യത്വത്തിന്റെ പേരിലാണ് അത് ചെയ്യാതിരുന്നത്,’എന്നും കുടുംബം അറിയിച്ചു.