മലപ്പുറം ജില്ലയ്ക്കെതിരായ പരാമർശത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ജില്ലയിൽ രണ്ടിടത്ത് കരിങ്കൊടി കാണിച്ചു. ഫറോക്ക് ചെറുവണ്ണൂരിലും കോഴിക്കോട് നടക്കാവ് ഇംഗ്ളീഷ് പള്ളി ജങ്ഷനു സമീപവുമാണ് കരിങ്കൊടി വീശിയത്.
ഫറോക്ക് റെസ്റ്റ് ഹൗസ് ഉദ്ഘാടനത്തിന് വരുന്നതിനിടെ ചൊവ്വാഴ്ച വൈകീട്ട് ചെറുവണ്ണൂരിൽ വെച്ചായിരുന്നു കരിങ്കൊടി കാണിച്ചത്.
കടകളുടെ പുറകിൽ നിൽക്കുകയായിരുന്ന പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹനത്തിനടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് പ്രവർത്തകരെ തടഞ്ഞു. അറസ്റ്റു ചെയ്ത് നീക്കുന്നതിനിടെ പോലീസുമായി ഉന്തുംതള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.
ഫറോക്ക് സിറ്റി പോലീസ് അസി. കമ്മിഷണർ എ.എം. സിദ്ദിഖ് എത്തിയാണ് പ്രവർത്തകരെ മാറ്റിയത്. 15 പ്രവർത്തകരെ അറസ്റ്റു ചെയ്തു.
പോലീസ് മർദനത്തിൽ പരിക്കേറ്റെന്നു പറഞ്ഞ് യൂത്ത് ലീഗ് ചെറുവണ്ണൂർ മണ്ഡലം പ്രസിഡന്റ് അൻവർ ഷാഫിയും സെക്രട്ടറി എ.വി.എൻ. ഷിഹാബും ചികിത്സ തേടി.
എ.കെ.ജി. ഓഡിറ്റോറിയം ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ നടക്കാവ് ഇംഗ്ളീഷ് പള്ളി ജങ്ഷനു സമീപത്തു വെച്ച് വൈകീട്ട് ആറേമുക്കാലിന് യൂത്ത് ലീഗ് പ്രവർത്തകരാണ് കരിങ്കൊടിവീശിയത്. കരിങ്കൊടി കാണിച്ച് പ്രവർത്തകർ മടങ്ങിയശേഷമാണ് പോലീസ് എത്തിയത്.
മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിക്കുന്നവരെ പിടികൂടാൻ മുണ്ടുടുത്ത് ഹെൽമെറ്റ് ധരിച്ച പോലീസുകാരും. എട്ടുപേരാണ് ഇത്തരത്തിൽ ചെറുവണ്ണൂരിൽ സമരക്കാരെ തടയാനുണ്ടായിരുന്നത്.
കരിങ്കൊടികാണിച്ചയുടൻ ഇവർ ഓടി വന്നതോടെ മറ്റ് രാഷ്ട്രീയപ്പാർട്ടിക്കാരാണെന്നു കരുതി സമരക്കാർ പ്രതിരോധിച്ചു. തുടർന്ന് മുണ്ടുടുത്ത പോലീസുകാരും പ്രവർത്തകരും തമ്മിൽ കരിങ്കൊടിക്കു വേണ്ടി പിടിയും വലിയുമായി. പോലീസല്ലാത്തവർ മർദിച്ചെന്നു പറഞ്ഞ് പ്രതിഷേധക്കാർ റോഡിൽ കുത്തിയിരിക്കുകയും ചെയ്തു.