കൊച്ചി: റോഡ് നിറയെ കുഴികൾ, നാടുനീളെ ബോർഡുകൾ, ഇവിടെ എന്നാണ് ഒരു പുതിയ കേരളം കാണാൻ സാധിക്കുക? കോടതി ഉത്തരവിനു പോലും ഒരു വിലയും ഇല്ലെന്നായോ? ഈ 21ാം നൂറ്റാണ്ടിലും സഞ്ചാരയോഗ്യമായ റോഡ് വേണമെന്ന ആവശ്യം ഉയരുന്നത് ആശങ്കയായി ആർക്കും തോന്നുന്നില്ലേ? ജില്ലാ കലക്ടർമാർക്ക് ഇവിടെ എന്താണ് പണി?– ഹൈക്കോടതിയുടെ രൂക്ഷമായ ചോദ്യങ്ങൾക്കുമുന്നിൽ മറുപടിയില്ലാതെ സർക്കാർ അഭിഭാഷകർ വിയർത്തു. റോഡുകൾ സംബന്ധിച്ചും റോഡരികുകളിലെ അനധികൃത ബോർഡുകൾ സംബന്ധിച്ചുമുള്ള കേസുകൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അതിരൂക്ഷ വിമർശനം ഉന്നയിച്ചത്. അനധികൃത ബോർഡുകൾ നീക്കം ചെയ്തില്ലെങ്കിൽ എല്ലാ തദ്ദേശ സെക്രട്ടറിമാരും കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
കൊച്ചിയിലെ അനധികൃത ബോർഡുകൾ നീക്കം ചെയ്യുകയും 5000 രൂപ വീതം പിഴയീടാക്കണമെന്നും കോടതി നിർദേശിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതലയുള്ളവർ എന്ന നിലയിൽ റോഡിലെ കുഴികൾ സംബന്ധിച്ച് ജില്ലാ കലക്ടർമാക്ക് ഉത്തരവാദിത്തമുണ്ടെങ്കിലും എന്തുകൊണ്ട് ഇക്കാര്യത്തിൽ നടപടികളെടുത്തില്ലെന്നും കോടതി ആരാഞ്ഞു.
എറണാകുളം ജില്ലയിലെ ബിജെപിയുടെ മുതിർന്ന നേതാവിന്റെ ചിത്രങ്ങളടങ്ങിയ ഫ്ലക്സുകൾ സ്ഥാപിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും അനധികൃത ബോര്‍ഡുകൾ നീക്കം ചെയ്യാൻ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും ഇതേ ബോർഡുകൾ സ്ഥാപിച്ചത് കോടതി ചൂണ്ടിക്കാട്ടി.
ബോർഡുകൾ സ്ഥാപിച്ചവർക്കും അതിന്റെ ഏജൻസിക്കുമെതിരെ നടപടി വേണമെന്നും കോടതി നിർദേശിച്ചു. കേന്ദ്രം ഭരിക്കുന്ന പാർട്ടിയെ കോർപറേഷന് ഇത്ര ഭയമാണോ എന്ന് കോടതി ആരാഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളും ബോർഡുകൾ സ്ഥാപിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അനധികൃത ബോർഡുകൾ എല്ലാം നീക്കം ചെയ്തിരിക്കണം. അവയ്ക്ക് 5000 രൂപ വീതം പിഴയീടാക്കുകയും ചെയ്യണം. അനധികൃത ബോർഡുകൾ നീക്കം ചെയ്തില്ലെങ്കിൽ എല്ലാ തദ്ദേശ സെക്രട്ടറിമാർക്കെതിരെയും നടപടി ഉണ്ടാകുമെന്ന് കോടതി വ്യക്തമാക്കി. കേസിലെ അമിക്കസ് ക്യൂറിയായ അഡ്വ. ഹരീഷ് വാസുദേവന്‍ നൽകിയ റിപ്പോർട്ടും കോടതി പരിഗണിച്ചു.
രാജ്യത്തെ രാഷ്ട്രപതിയും സാധാരണക്കാരനും ഭരണഘടനയ്ക്കു മുന്നിൽ സമന്മാരാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ‘‘റോഡിലെ കുഴിയിലും മറ്റും വീണ് സാധാരണക്കാർ മരിക്കുന്നത് ആരും കാണുന്നില്ലേ? എന്തുകൊണ്ടാണ് ഇത്തരമൊരു ദുരന്തമുണ്ടാകുന്നതു വരെ നാം കാത്തിരിക്കുന്നത്? കേരളത്തിലെ റോഡുകൾ എല്ലാം മോശമാണ് എന്നല്ല പറയുന്നത്. നല്ല റോഡുകളുണ്ട്. എന്നാൽ അത്ര തന്നെ മോശം റോഡുകളുമുണ്ട്.
സ്കൂട്ടറുകളിൽ നിന്നൊക്കെ സ്ത്രീകൾ മറിഞ്ഞുവീഴുന്നത് കാണുമ്പോൾ പേടിയാകും. എന്തുകൊണ്ടാണ് പുതിയ റോഡുകളിൽ പോലും കുഴികളുണ്ടാകുന്നത്? ഇതൊന്നും പരിഹരിക്കാൻ പറ്റുന്ന എൻജിനീയർമാർ നമുക്ക് ഇല്ലാഞ്ഞിട്ടല്ലല്ലോ. ആർക്കും ഒരു ഉത്തരവാദിത്തവുമില്ല. എല്ലായ്പ്പോഴും ഒഴിവുകഴിവുകൾ പറയുകയാണ്. താഴേക്ക് നോക്കിയല്ലാതെ ഏതെങ്കിലും ഫുട്പാത്തിൽ കൂടി നടക്കാൻ പറ്റുമോ? ഇല്ലെങ്കിൽ കുഴിയിൽ വീഴും.
കോടതി തന്നെ ഈ വിഷയത്തിൽ പല തവണ ഉത്തരവിട്ടിട്ടുണ്ട്. അതുപോലും പാലിക്കപ്പെടുന്നില്ല. ജില്ലാ കലക്ടർമാർക്ക് എന്താണ് പണി? റോഡിൽ കുഴിയുണ്ടെങ്കിൽ അത് അപകടത്തിലാണെന്ന് ബോർഡ് വയ്ക്കണം. അങ്ങനെ അപകടത്തിലുള്ള റോഡിലൂടെ ഗതാഗതം സാധ്യമാകുമോ എന്നും കോടതി ആരാഞ്ഞു. റോഡിൽ കുഴികൾ ഉണ്ടെങ്കിൽ അത് നേരിടേണ്ടത് കലക്ടർമാരുടെ ഉത്തരവാദിത്തമാണെന്നും അത് ചെയ്തിരിക്കണമെന്നും കോടതി നിർദേശിച്ചു.