ഹരിപ്പാട്: ടെലികോളർ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം കംബോഡിയയിൽ എത്തിച്ച് നിയമവിരുദ്ധ ജോലികൾ ചെയ്യാൻ പ്രേരിപ്പിച്ച കേസിലെ പ്രതി പിടിയിലായി. ചിങ്ങോലി കൊച്ചുതെക്കതിൽ വീട്ടിൽ ബിനീഷ് കുമാറിനെ (34)യാണ് കനകക്കുന്ന് പൊലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാവിലെ മൂന്നാറിൽ നിന്നാണ് പ്രതി പിടിയിലായത്. മുതുകുളം ചേപ്പാട് കന്നിമേൽ ശാന്താലയം വീട്ടിൽ അക്ഷയിനെ (25) കബളിപ്പിച്ചാണ് പ്രതി 1,65,000 രൂപ വാങ്ങിയത്.
കഴിഞ്ഞ മാർച്ച് 21നാണ് അക്ഷയിനെ കംബോഡിയയിലേക്ക് ജോലിക്ക് കൊണ്ടു പോയത്. എന്നാൽ കംബോഡിയയിൽ എത്തിച്ചശേഷം വാഗ്ദാനം ചെയ്ത ടെലികോളർ ജോലിയ്ക്കു പകരം സമൂഹമാധ്യമങ്ങളിലൂടെ എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ആൾക്കാരെ കബളിപ്പിച്ച് പണം തട്ടുന്ന ജോലിയാണ് നിയോഗിച്ചത്. ഈ ജോലിചെയ്യാൻ വിസമ്മതിച്ചതോടെ അക്ഷയിനെ ഇരുട്ടു മുറിയിലിട്ടു പീഡിപ്പിക്കുകയായിരുന്നു.
അക്ഷയിന്റെ അച്ഛൻ ശാന്തകുമാരൻ മകൻ അകപ്പെട്ട വിവരം ഇന്ത്യൻ എംബസിയിൽ അറിയിച്ചു. തുടർന്ന്, എംബസി ഇടപെടുകയും അക്ഷയിനെയും ഒപ്പമുണ്ടായിരുന്ന 60ഓളം ഇതര സംസ്ഥാനക്കാരായ യുവാക്കളെ മോചിപ്പിച്ചിച്ച് മെയ് 24ന് തിരികെ നാട്ടിലെത്തിക്കുകയുമായിരുന്നു. ശാന്തകുമാരാൻ ജില്ലാ പൊലീസ് മേധാവിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കായംകുളം ഡിവൈഎസ്‌പി എൻ ബാബുക്കുട്ടന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കനകക്കുന്ന് ഇൻസ്പെക്ടർ എസ് അരുൺ, എസ് ഐമാരായ എ സന്തോഷ് കുമാർ, സുരേഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ജിൻദത്ത്, ഗിരീഷ്, സനോജ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കബളിപ്പിച്ച് ആളെക്കടത്തുന്ന സംഘത്തിൽ കൂടുതൽ പേരുളളതായി പൊലീസ് സംശയിക്കുന്നുണ്ട്.
റിമാൻഡിലായ പ്രതിയെ രണ്ടു ദിവസത്തിനകം കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. പുതിയവിള സ്വദേശികളായ രണ്ടു പേരെ കബളിപ്പിച്ച് 5,80,000 രൂപ തട്ടിയെടുത്ത സംഭവത്തിൽ കഴിഞ്ഞ മേയിലും രണ്ടു പേർക്കെതിരെ കനകക്കുന്ന് പൊലീസ് കേസെടുത്തിരുന്നു.