തിരുവനന്തപുരം: മൃഗശാലയിൽനിന്ന് ചാടിപ്പോയ മൂന്നു ഹനുമാൻ കുരങ്ങുകളിൽ രണ്ടെണ്ണം കൂട്ടിൽ തിരികെയെത്തി. ചൊവ്വാഴ്ച വൈകീട്ടോടെ ഹനുമാൻ കുരങ്ങുകളിൽ ഒരെണ്ണം കൂടിന് സമീപത്തെ മതിലിൽ ചാരിവച്ച മരക്കമ്പിലൂടെ സ്വമേധയാ കൂട്ടിലേക്ക് തിരികെക്കയറുകയായിരുന്നു.മരത്തിലിരുന്ന മറ്റൊന്നിനെ മൃഗശാലാ ജീവനക്കാർ മരത്തിൽക്കയറി പിടികൂടി. ഇനി ഒരു ഹനുമാൻ കുരങ്ങനെയാണ് കിട്ടാനുള്ളത്.
തിങ്കളാഴ്ച രാവിലെയാണ് മൂന്നു പെൺഹനുമാൻ കുരങ്ങുകളെ കാണാതായത്. പിന്നീട് ഇവയെ തുറന്ന കൂടിന് സമീപത്തെ മരത്തിൽ കണ്ടെത്തുകയായിരുന്നു. പഴങ്ങളും മറ്റും കൂടിന് സമീപത്ത് വെച്ചും ഇണയെ കാണിച്ചും ഇവയെ കൂട്ടിലെത്തിക്കാനായിരുന്നു ശ്രമം. മരക്കൊമ്പുകളിൽനിന്ന് തീറ്റയെടുക്കാൻ താഴെ ഇറങ്ങിയെങ്കിലും ഇവയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
രാത്രിയിൽ കുരങ്ങുകളെ നിരീക്ഷിക്കാൻ നിരീക്ഷകരെയും ഏർപ്പെടുത്തിയിരുന്നു. കുരങ്ങുകളെ പിടികൂടാനായി ചൊവ്വാഴ്ച മൃഗശാലയ്ക്ക് അവധി നൽകിയിരുന്നു. ഭക്ഷണം നൽകി ഇവയെ അനുനയിപ്പിച്ച് കൂട്ടിലാക്കാൻ ശ്രമിച്ചെങ്കിലും പഴങ്ങൾ കൈക്കലാക്കി മരക്കൊമ്പിലേക്ക് ഇവ മടങ്ങുകയായിരുന്നു. മൂന്നാമത്തെ കുരങ്ങനെ ബുധനാഴ്ചയോടെ കൂട്ടിലെത്തിക്കാൻ കഴിയുമെന്നും മൃഗശാലയിൽ സന്ദർശകരെ അനുവദിക്കുമെന്നും മൃഗശാലാ അധികൃതർ അറിയിച്ചു.