ഹജ്ജ് തീർഥാടനത്തിനെന്ന പേരില് പ്രത്യേക പാക്കേജുകള് അവതരിപ്പിച്ച് 189 പേരില്നിന്നായി 1.2 കോടി രൂപ തട്ടിയ ആളെ ഒഡിഷ പൊലീസ് അറസ്റ്റ് ചെയ്തു.ഒഡിഷ പൊലീസിലെ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം മുംബൈയില്നിന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ധാംനഗർ സ്വദേശിയായ മിർ ഖുർഷിദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. പ്രതിയെ ഒഡിഷയില് എത്തിച്ചിട്ടുണ്ട്.2019 മുതല് 2023 വരെയുള്ള കാലയളവില് മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന രണ്ട് ടൂർ ആൻഡ് ട്രാവല് ഏജൻസികളുടെ മറവിലാണ് പ്രതി തട്ടിപ്പ് നടത്തിയത്. സൗദി അറേബ്യയിലേക്ക് 45,786 രൂപയുടെയും 50,786 രൂപയുടെയും രണ്ട് ടൂർ പാക്കേജുകളുണ്ടെന്ന് പറഞ്ഞാണ് ഇവർ പരസ്യം നല്കിയത്. നാല് വർഷത്തിനിടെ കമ്ബനിയെ സമീപിച്ച 189 പേരില്നിന്നാണ് പണം സ്വീകരിച്ചത്.എന്നാല് സൗദിയിലേക്ക് കൊണ്ടുപോകാനോപണം തിരികെ നല്കാനോ ട്രാവല് ഏജൻസി തയാറായില്ല. പരാതിയുമായി ഏജൻസിയെ സമീപിച്ചവർക്ക് പലപ്പോഴായി തീയതി മാറ്റിയതായുള്ള അറിയിപ്പാണ് ലഭിച്ചത്. പിന്നീട് ഓഫീസുകള് അടച്ചുപൂട്ടുകയും ഫോണില് കിട്ടാതാവുകയും ചെയ്തു. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം മൊബൈല് ഫോണുകളും പണം സ്വീകരിച്ചതിന്റെ രസീതുകളും ചെക്കുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.