പൂജാ അവധിയുടെ ഭാഗമായി ഒക്ടോബർ 11ന് (വെള്ളിയാഴ്ച) കൂടി സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി ആയിരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവൻകുട്ടി. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നു തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. 11ന് അവധി നൽകണമെന്നാവശ്യപ്പെട്ട് ദേശീയ അദ്ധ്യാപക പരിഷത്ത് (എൻ ടി യു) എന്ന അദ്ധ്യാപക സംഘടന മന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അവധി നൽകാൻ തീരുമാനമെടുത്തത്.പൂജവയ്പ്പ് ഒക്ടോബർ 10 വ്യാഴാഴ്ച വെെകുന്നേരമായതിനാൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യം നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി അവധി പ്രഖ്യാപിച്ചത്. സർക്കാർ കലണ്ടറിൽ ഉൾപ്പെടെ ഒക്ടോബർ 10ന് പൂജ അവധിയുണ്ടെങ്കിലും 11 അവധി പ്രഖ്യാപിച്ചിരുന്നില്ല. 10ന് പൂജവച്ചതിന് ശേഷം വിദ്യാലയങ്ങളിൽ പഠനം നടത്തുന്നത് ശരിയല്ലെന്ന് കാണിച്ചാണ് ദേശീയ അദ്ധ്യാപക പരിഷത്ത് നിവേദനം നൽകിയത്.നവരാത്രിയിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് പൂജ വയ്പ്പ്. എല്ലാ വർഷവും ഒമ്പത് ദിവസം മാത്രം നീണ്ടുനിൽക്കുന്ന നവരാത്രി മഹോത്സവം ഈ വർഷം 11 ദിവസമാണ് ഉണ്ടാകുക. പഠനോപകരണങ്ങൾ ആയുധങ്ങൾ സരസ്വതി ദേവിയ്ക്ക് മുന്നിൽ സമർപ്പിക്കുന്ന ചടങ്ങാണ് പൂജ വയ്പ്പ്.