വസ്തു രജിസ്ട്രേഷൻ സമയത്ത് ചിലപ്പോഴെങ്കിലും കീറാമുട്ടിയായി തീർന്നേക്കാവുന്ന ഒരു പ്രശ്നമാണ് മുന്നാധാരം സംഘടിപ്പിക്കല്‍.
ഇതിനായി പല പല ഓഫീസുകള്‍ കയറിയിറങ്ങുന്നവരും വിരളമല്ല. എന്നാല്‍, ഇനി ആ ബുദ്ധിമുട്ടില്ല. 1998 മുതല്‍ 2018 വരെയുള്ള ആധാരങ്ങള്‍ ഡിജിറ്റലായി പ്രസിദ്ധീകരിക്കുന്ന പദ്ധതി ഈ 31നു മുമ്ബ് പൂർത്തിയാക്കാനൊരുങ്ങിയിരിക്കുകയാണ് സർക്കാർ. എല്ലാ ആധാരവും ഡിജിറ്റലാക്കുന്നതിൻ്റെ ആദ്യഘട്ടമായാണ് രജിസ്ട്രേഷൻ വകുപ്പ് പദ്ധതിയ്ക്ക് തുടക്കമിടുന്നത്. പദ്ധതിയോടനുബന്ധിച്ച് 1998 മുതലുള്ള 20 വർഷത്തെ ആധാരങ്ങളാണ് ഡിജിറ്റലാക്കി വകുപ്പ് പ്രസിദ്ധീകരിക്കുക. സംസ്ഥാന സർക്കാരിൻ്റെ വ്യവസായ സൗഹൃദനയങ്ങള്‍ക്ക് സഹായകരമാകുന്ന പദ്ധതിയുടെ ഭാഗമായി 11 ജില്ലകളിലെ 20 വർഷത്തെ ആധാരങ്ങളുടെ ഡിജിറ്റൈസേഷനാണ് നിലവില്‍ പൂർത്തിയാക്കിയിട്ടുള്ളത്.
ഉരുള്‍പൊട്ടല്‍ ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ലഭ്യമായ മുഴുവൻ രേഖകളും ഡിജിറ്റലാക്കും. 2018ലാണ് പദ്ധതിക്ക് തുടക്കമിട്ടതെങ്കിലും പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ കാരണം നീണ്ടുപോയിരുന്നു. പദ്ധതിയോടനുബന്ധിച്ച് 2020 ല്‍ പത്തനംതിട്ടയില്‍ പൈലറ്റ് പ്രൊജക്റ്റ് നടപ്പാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായി എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലുമുള്ള 100 ശതമാനം ആധാരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാക്കി, രജിസ്ട്രേഷൻ വകുപ്പിനെ ജനസൗഹൃദമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
1968 മുതലുള്ള ആധാരം രജിസ്ട്രേഷനുകള്‍ ലഭ്യമായിട്ടുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ ഇവ പൂർണമായും ഡിജിറ്റലാക്കാനുള്ള നടപടികള്‍ ഉടൻ തുടങ്ങും. തുടർന്ന് മറ്റു ജില്ലകളിലെയും മുന്നാധാരങ്ങള്‍ ശേഖരിച്ച് ഡിജിറ്റലാക്കും. ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസില്‍ നിന്ന് ഡിജിറ്റല്‍ ഒപ്പ് രേഖപ്പെടുത്തിയ ആധാരത്തിൻ്റെ പകർപ്പുകള്‍ ഓണ്‍ലൈനില്‍ ഫീസടച്ചശേഷം Pearl. registration. Kerala.gov.in -ലെ ‘Certificate’ മെനുവിലൂടെ അപേക്ഷകള്‍ സമർപ്പിക്കുന്ന മുറയ്ക്ക് ലഭ്യമാകും. ഇത് അപേക്ഷകർക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.