ലെബനനിലെ ഇന്ത്യൻ പൗരൻമാർ എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് നിർദ്ദേശം നൽകി ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി. ഹിസ്ബുല്ലയ്ക്ക് എതിരെ ഇസ്രായേൽ കരയുദ്ധം ആരംഭിച്ച സാഹചര്യത്തിലാണ് നിർദ്ദേശം. നിലവിൽ, ഏകദേശം 4,000 ഇന്ത്യക്കാരാണ് ലെബനനിൽ ഉള്ളത്. പ്രധാനമായും നിർമ്മാണ മേഖലയിലും കാർഷിക മേഖലയിലുമാണ് ഇന്ത്യക്കാർ കൂടുതലായി ജോലി ചെയ്യുന്നത്. ഇതിന് പുറമെ വിവിധ കമ്പനികളിലും നിരവധി ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്.
‘ലെബനനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകാൻ ശക്തമായ നിർദ്ദേശം നൽകുന്നു. ഏതെങ്കിലും കാരണത്താൽ അവിടെ തുടരുന്നവരുണ്ടെങ്കിൽ അതീവ ജാഗ്രത പാലിക്കാനും യാത്രകൾ നിയന്ത്രിക്കാനും ബെയ്റൂട്ടിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനും നിർദ്ദേശിക്കുന്നു’വെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാനായി ഇ-മെയിൽ ഐഡിയും (cons.beirut@mea.gov.in) എമർജൻസി ഫോൺ നമ്പറും (+96176860128) ഇന്ത്യൻ എംബസി നൽകിയിട്ടുണ്ട്.