തിരു: ഈ വർഷത്തെ സാമൂഹൃ ഐക്യദാർഢ്യ പക്ഷാചരണം ഒക്ടോബർ 2 മുതൽ 16 വരെ കേരളത്തിലെങ്ങും വിപുലമായി ആചരിക്കുകയാണ്. പട്ടികജാതി-പട്ടിക വർഗ – പിന്നാക്ക വിഭാഗ വികസന വകുപ്പുകൾ മറ്റു വകുപ്പുകളുമായി ചേർന്നാണ് രണ്ടാഴ്ചക്കാലം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
” മാറുന്ന ലോകത്തിനൊപ്പം മുന്നേറാം
നമുക്കൊന്നായി ” എന്നതാണ് ഈ വർഷത്തെ ഐകൃദ്യാർഢ്യ സന്ദേശം.
സമൂഹത്തിൻ്റെ പൊതുധാരയിലേക്ക് അടിസ്ഥാന ജനവിഭാഗങ്ങളെ കൈ പിടിച്ചുയർത്തിക്കൊണ്ടു വരുന്നതിനുള്ള പരിശ്രമങ്ങളാണ് ഐക്യദാർഡ്യ പക്ഷാചരണത്തിലൂടെ നടത്തുന്നത്.
പക്ഷാചരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് 3.30 ന് ആറ്റിങ്ങലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ഒ ആർ കേളു അധ്യക്ഷനാകും. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ സംസാരിക്കും. സംസ്ഥാന തല സമാപനം 15 ന് വയനാട്ടിൽ നടത്തും.
പക്ഷാചരണ പരിപാടികൾ വകുപ്പു തലത്തിൽ ചുരുങ്ങാതെ കൂടുതൽ ജനകീയവൽക്കരിച്ച് പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുകയാണ്. ഓരോ നിയോജക മണ്ഡലത്തിലും ഇതിനായി പ്രത്യേക സംഘാടക സമിതികൾ രൂപീകരിച്ചിട്ടുണ്ട്.
പട്ടികവിഭാഗ, പിന്നാക്ക വകുപ്പുകളിലെ സ്ഥാപനങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ, ആവാസ കേന്ദ്രങ്ങളെ ശുചിത്വ മാതൃകകളാക്കൽ, ആരോഗ്യ ക്യാമ്പുകൾ, പഠനം ഉഴപ്പിയരെ തിരികെ സ്കൂളിലും കോളേജിലുമെത്തിക്കൽ, തൊഴിൽ മേള, സ്വയംതൊഴിൽ – ചെറുകിട വ്യവസായ സംരംഭകർക്ക് ക്ലാസുകൾ, വിവിധ വിഷയങ്ങളിൽ ദേശീയ സെമിനാർ, ശിൽപശാലകൾ, കാർഷിക സംരംഭങ്ങൾക്ക് തുടക്കം, വായ്പാ മേളകൾ, വായ്പാ പുനക്രമീകരണം, ലഹരി വിരുദ്ധ പ്രചാരണം തുടങ്ങി വിവിധ പരിപാടികൾ ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കും.