ടെസ്റ്റിൻ്റെ പകുതിയിലേറെ ദിനങ്ങൾ മഴ അപഹരിച്ചതിന് ശേഷമാണ് ടീം ഇന്ത്യയുടെ അവിസ്മരണീയ ജയം. അവസാന ദിവസ്സത്തിലെ ഒരു സെഷൻ ബാക്കി നിൽക്കെയുള്ള വിജയം കൂടുതൽ തിളക്കമാർന്നതായി.
ആദ്യ ഇന്നിംഗ്സ്, ടെസ്റ്റിൻ്റെ നാലാം ദിവസം ആരംഭിച്ച ടീം ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ചരിത്ര വിജയത്തിന് വഴിയൊരുക്കിയത്. കേവലം 34.4 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 285 റൺസാണ് അടിച്ച് കൂട്ടിയത്. 52 റൺസ് ലീഡ് വഴങ്ങിയ ബംഗ്ളാദേശിനെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ ബോളർമാർ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. ജസ്പ്രീത് ബുംമ്ര, രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയതോടെ സന്ദർശകർ 146 റൺസിന് പുറത്തായി. ഓപ്പണർ ഷാദ്മാൻ ഇസ്ലാം (50), മുഷ്ഫിക്കർ റഹിം (37) എന്നിവർക്ക് മാത്രമാണ് അല്പമെങ്കിലും പിടിച്ചു നില്ക്കാനായത്.
95 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ആദ്യ രണ്ട് ഓവറിൽ തന്നെ വിക്കറ്റ് നഷ്ടപ്പെടാതെ 18 റൺസെടുത്തു. എന്നാൽ ക്യാപ്റ്റൻ രോഹിത് ശർമ്മയേയും (8), ശുഭ്മാൻ ഗില്ലിനേയും (6) പുറത്താക്കി ബംഗ്ലാദേശ് തിരച്ചടിയുടെ സൂചനകൾ നല്കി. രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിട്ടും അനായാസം ബൗണ്ടറി കണ്ടെത്തിയ യശ്വസി ജയ്സ്വാളും, വിരാട് കോലിയും ചേർന്ന് ടീം ഇന്ത്യയെ വിജയ തീരത്തെത്തിച്ചു. വിജയത്തിന് 3 റൺസ് അകലെ ജെയ്സ്വാൾ (51)പുറത്തായി. വിരാട് കോലി 29 റൺസുമായി പുറത്താകാതെ നിന്നു.
സ്കോർ-ബംഗ്ളാദേശ് – ഒന്നാം ഇന്നിംഗ്സ് – 233, രണ്ടാം ഇന്നിംഗ്സ് – 146.
ഇന്ത്യ – ഒന്നാം ഇന്നിംഗ്സ് – 285/9, രണ്ടാം ഇന്നിംഗ്സ് – 98/3.
വിജയത്തോടെ രണ്ട് മത്സര പരമ്പര ഇന്ത്യ തൂത്ത് വാരി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഒന്നാം സ്ഥാനവും ടീം ഇന്ത്യ നിലനിർത്തി.