തിരുവനന്തപുരം: വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച കേരളത്തിന്റെ വിയോജിപ്പുകളും ആശങ്കകളും സംസ്ഥാന വഖഫ് മന്ത്രി വി അബ്ദുറഹിമാൻ സംയുക്ത പാർലമെന്ററി സമിതി അദ്ധ്യക്ഷൻ ജഗദാംബിക പാൽ എം പിയെ നേരിൽ കണ്ട് അറിയിച്ചു. ചെന്നൈയിൽ നടന്ന കൂടിക്കാഴ്ചയിൽ കേരള വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീറും ഒപ്പമുണ്ടായിരുന്നു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ശനിയാഴ്ച കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി കിരൺ റിജിജുവിനെയും മന്ത്രി നേരിൽ കണ്ടിരുന്നു.
കേരളത്തിൽ രജിസ്റ്റർ ചെയ്ത ഏകദേശം പന്ത്രണ്ടായിരത്തോളം വഖഫ് സ്വത്തുക്കളും അത്ര തന്നെ രജിസ്റ്റർ ചെയ്യാത്തവയും ഉണ്ട്. ഈ സാഹചര്യത്തിൽ വഖഫ് ഭേദഗതികൾ സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളുടെ അഭിപ്രായം അറിയുന്നതിന് കേരളത്തിൽ സമിതിയുടെ പ്രത്യേക സിറ്റിങ്ങ് നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് ജെ പി സി അദ്ധ്യക്ഷൻ അറിയിച്ചു.
വഖഫ് സംബന്ധിച്ച അടിസ്ഥാന നിലപാടുകൾക്ക് നിരക്കാത്ത ഭേദഗതികൾ പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വഖഫ് ഭേദഗതികളുടെ വിശദമായ വിശകലനത്തിന് കഴിഞ്ഞ മാസം പത്താം തീയതി വിപുലമായ ശിൽപ്പശാല സംഘടിപ്പിച്ചിരുന്നു. ഭേദഗതിയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നായിരുന്നു ശിൽപ്പശാലയുടെ അഭിപ്രായം. ഭേദഗതി എങ്ങനെയാണ് വഖഫ് സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുക എന്നതു സംബന്ധിച്ച് ശിൽപ്പശാലയിൽ ഉയർന്ന നിർദ്ദേശങ്ങൾ ജെ പി സിയ്ക്ക് സമർപ്പിച്ചു..