അമേരിക്കയിലെ പ്രശസ്ത ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സൂപ്പർ നാച്വറല്‍ ത്രില്ലർ ചിത്രമായി തിരഞ്ഞെടുത്ത് ‘വടക്കൻ’.ഇതാദ്യമായാണ് ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലില്‍ ഒരു മലയാളം ചിത്രം ഇത്തരത്തില്‍ തിരഞ്ഞെടുക്കുന്നത്. സജീദ് എ. സംവിധാനം ചെയ്ത് കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്ന ചിത്രം ഓഫ് ബീറ്റ് സ്റ്റുഡിയോസാണ് നിർമ്മിച്ചിരിക്കുന്നത്.ഈ മാസം 28നായിരുന്നു ഫെസ്റ്റിവല്‍ നടന്നത്.
സെലിബ്രിറ്റികളും ഹൊറർ സിനിമ പ്രേമികളും ബോളിവുഡ്, ഹോളിവുഡ് താരങ്ങളും പങ്കെടുത്ത ഗാല സ്ക്രീനിങ്ങില്‍ 7 സിനിമകളില്‍ ഒന്നായാണ് വടക്കൻ തെരഞ്ഞെടുക്കപ്പെട്ടത്. റസൂല്‍ പൂക്കുട്ടി, കീക്കോ നകഹര, ബിജിബാല്‍, ഉണ്ണി ആർ. എന്നീ പ്രശസ്തർ അണിയറയില്‍ ഒരുമിക്കുന്ന ‘വടക്കൻ’ ഈ വിഭാഗത്തില്‍ ഇടംനേടിയ ഏക മലയാളചിത്രവുമാണ്.
മുമ്ബ്, ഹൊറർ, ത്രില്ലർ, സയൻസ് ഫിക്ഷൻ സിനിമകള്‍ മാത്രമുള്ള ബ്രസ്സല്‍സ് ഇന്റർനാഷണല്‍ ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്ക് “വടക്കൻ” ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഗ്രാഫിക്സും ശബ്ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് ‘വടക്കൻ’ ഒരുക്കിയിരിക്കുന്നത്. മലയാളി സിനിമാ പ്രേക്ഷകർക്കായി ഓഫ് ബീറ്റ് സ്റ്റുഡിയോസ് സമാനതകളില്ലാത്ത കഥകളൊരുക്കുന്ന യൂണിവേഴ്സില് ആദ്യത്തേതായാണ് ‘വടക്കൻ’ എത്തുന്നത്.