പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ്. മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കുന്നതിനൊപ്പം ഒക്ടോബറിൽ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. പാർട്ടിയുടെ 5 എംപിമാർക്കും 2 എംഎൽഎമാർക്കുമാണ് ചുമതലകൾ വീതിച്ചു നൽകിയിരിക്കുന്നത്. നിയോജക മണ്ഡലം അടിസ്ഥാനപ്പെടുത്തിയാണ് ചുമതല. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ചിട്ടയായി ഉപതിരഞ്ഞെടുപ്പ് നേരിടുന്നതിന് വേണ്ടിയാണ് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും വിവിധ മേഖലകളുടെ ചുമതല നല്‍കിയത്.
എം.കെ. രാഘവന്‍ (തിരുവമ്പാടി), രാജ്മോഹൻ ഉണ്ണിത്താൻ (കൽപറ്റ), ആന്റോ ആന്റണി (നിലമ്പൂർ), ഡീൻ കുര്യാക്കോസ് (സുൽത്താൻ ബത്തേരി), ഹൈബി ഈഡന്‍ (വണ്ടൂര്‍) എന്നിവരാണ് ചുമതല ലഭിച്ച എംപിമാർ. സണ്ണി ജോസഫ് (മാനന്തവാടി), സി.ആര്‍. മഹേഷ് (ഏറനാട്) എന്നിവരാണ് ചുമതല ലഭിച്ച എംഎൽഎമാർ.
പ്രിയങ്കയുടെ കന്നി അങ്കമാണ് വയനാട്ടിലേത്. റായ്ബറേലിയിൽ വിജയിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധി രാജിവച്ച ഒഴിവിലാണ് വയനാട്ടിലെ ഉപതിരഞ്ഞെടുപ്പ്.