തിരക്ക് കാരണം തൊഴാനാവുന്നില്ലെന്ന ഭക്തരുടെ പരാതി തീർക്കാൻ ശബരിമലയില്‍ അയ്യപ്പദർശനത്തിന് നിലവിലെ രീതിയില്‍ മാറ്റം വരുത്തും.
പതിനെട്ടാംപടി കയറിയെത്തുന്ന തീർഥാടകരെ കൊടിമരച്ചുവട്ടില്‍നിന്ന് ഫ്ളൈഓവറിലേക്കു വിടാതെ നേരേ ശ്രീകോവിലിന് സമീപത്തേക്കു കടത്തിവിട്ട് ദർശനസൗകര്യം ഒരുക്കുന്നതാണ് പ്രധാന മാറ്റം.
തുടർന്ന് മാളികപ്പുറം ക്ഷേത്രത്തിനടുത്തേക്ക് വിടും. നവംബറില്‍ തുടങ്ങുന്ന മണ്ഡല-മകരവിളക്ക് തീർഥാടനം കഴിഞ്ഞാലുടൻ പുതിയമാറ്റത്തില്‍ തിരുവിതാംകൂർ ദേവസ്വംബോർഡ് തീരുമാനമെടുക്കും. ദേവസ്വംമന്ത്രി, ശബരിമല തന്ത്രി, മേല്‍ശാന്തി, ശബരിമല സ്പെഷ്യല്‍ കമ്മിഷണർ, പോലീസ് തുടങ്ങി എല്ലാവിഭാഗങ്ങളുമായി ചർച്ചയ്ക്കുശേഷം ഹൈക്കോടതിയുടെ അനുമതിയോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
ക്ഷേത്രതിരുമുറ്റത്ത് താന്ത്രികവിധിപ്രകാരമല്ലാത്ത നിർമിതികള്‍ മാറ്റണമെന്ന് ആവശ്യം ഉയർന്നിരുന്നു. മേലേതിരുമുറ്റത്ത് ക്ഷേത്രത്തേക്കാള്‍ ഉയർന്നുനില്ക്കുന്ന ഫ്ളൈഓവർ ഉള്‍പ്പെടെയുള്ള നിർമാണങ്ങള്‍ നീക്കണമെന്നാണ് ശബരിമല ഉന്നതാധികാര സമിതിയുടെയും നിലപാട്. ഫ്ളൈഓവർ മാറ്റുന്നതോടെ കൊടിമരച്ചുവട്ടില്‍നിന്നുതന്നെ ശ്രീകോവിലിന് അടുത്തേക്ക് ഭക്തരെ വിടേണ്ടിവരും. അതിനാലാണ് ദർശനരീതിയില്‍ മാറ്റം പരിഗണിക്കുന്നത്.
മേലേതിരുമുറ്റത്തെ തിരക്ക് നിയന്ത്രിക്കാനാണ് ഫ്ളൈഓവറിലുടെ തീർഥാടകരെ വിടുന്നത്. ഇങ്ങനെയെത്തുന്നവരും വടക്കേനടവഴി ഇരുമുടിക്കെട്ടില്ലാതെ വരുന്നവരും ചേരുമ്ബോള്‍ ശ്രീകോവിലിനുമുന്നില്‍ വൻ തിരക്കുണ്ടാകാറുണ്ട്. മാറ്റം നടപ്പാക്കുംമുമ്ബ് ബദല്‍ ക്രമീകരണങ്ങള്‍ വേണ്ടിവരും. പൂജകള്‍ക്ക് നടയടച്ചശേഷവും പതിനെട്ടാംപടി കയറിയെത്തുന്നവരെ എവിടെ നിർത്തുമെന്നതാണ് ഉയരുന്ന ചോദ്യം.
ഇപ്പോഴുള്ള വലിയ നടപ്പന്തല്‍ രണ്ടുനിലയാക്കി, മുകള്‍ത്തട്ടില്‍ തീർഥാടകരെ വിശ്രമിക്കാൻ അനുവദിച്ചശേഷം പതിനെട്ടാംപടിയിലേക്ക് വിടുന്നതാണ് ബോർഡ് പരിഗണിക്കുന്നത്. മേലേതിരുമുറ്റത്തും തീർഥാടകരെ നിർത്താനാകും. ഇവിടത്തെ കെട്ടിടങ്ങള്‍മാറ്റുന്നതോടെ കൂടുതല്‍ സ്ഥലസൗകര്യമുണ്ടാകും.