തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ഒരു ബ്ലോക്കില്‍ വൈദ്യുതി മുടങ്ങിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി. സമഗ്ര സമിതി അന്വേഷണം നടത്തും. ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. എസ്എടി ആശുപത്രിയില്‍ വൈദ്യുതി ബന്ധം പൂര്‍ണമായി പുനസ്ഥാപിച്ചു. കെഎസ്ഇബി വൈദ്യുതിയിലാണ് ആശുപത്രി നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും ജനറേറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതായും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെ ഇന്ന് രാവിലെയാണ് കെഎസ്ഇബി വൈദ്യുതി പുനസ്ഥാപിച്ചത്.
അതേസമയം ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയതില്‍ അടിയന്തര നടപടിക്ക് ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്. വൈദ്യുതി തടസ്സപ്പെട്ടപ്പോള്‍ തുടക്കത്തില്‍ തന്നെ ക്രമീകരണം ഒരുക്കാത്തതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി മുടങ്ങും എന്ന് അറിഞ്ഞിട്ടും കൃത്യമായി ബദല്‍ ക്രമീകരണം ഒരുക്കിയില്ല. ഉടന്‍ വൈദ്യുതി പുനസ്ഥാപിക്കുമെന്ന പിഡബ്ല്യൂഡി അധികൃതരുടെ ഉറപ്പിന്മേല് പകരം ജനറേറ്റര്‍ എത്തിക്കാന്‍ തുടക്കത്തില്‍ നടപടി എടുത്തില്ല. രണ്ടാമത്തെ ജനറേറ്ററിന്റെ കാര്യക്ഷമത പരിശോധിച്ചില്ല. രണ്ടാമത്തെ ജനറേറ്റര്‍ പ്രവര്‍ത്തിക്കാതായപ്പോഴും അടിയന്തര നടപടി ഉണ്ടായില്ല. പുറത്തുനിന്ന് ജനറേറ്റര്‍ എടുക്കുന്നതില്‍ കാലതാമസമുണ്ടായെന്നുമാണ് പ്രാഥമിക കണ്ടെത്തല്‍.ഇതിനെതിരെയാണ് നടപടി.