പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പിവി അൻവര്‍.കേസെടുത്ത് ജയിലില്‍ അടയ്ക്കട്ടെയെന്നും അപ്പോൾ നോക്കാമെന്നും പിവി അൻവര്‍ പറഞ്ഞു.കേസെടുക്കുമെന്ന് താൻ ആദ്യമേ പറഞ്ഞിരുന്നുവെന്നും കൂടുതൽ മറുപടി നിലമ്പൂരിലെ യോഗത്തിൽ പറയാമെന്നും പിവി അൻവര്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തിന്റെ ഭാഗമായുള്ള നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്ത് പുറത്തിറങ്ങിയശേഷമായിരുന്നു അൻവറിന്റെ പ്രതികരണം.
അതേസമയം പി വി അൻവറിന്റെ പരിപാടിക്കിടെ മാധ്യമപ്രവർത്തകർക്ക് മർദ്ദനം. എംഎൽഎയുടെ പ്രതികരണം തേടുന്നതിനിടെ പരിപാടിയുടെ സംഘാടകർ മർദിക്കുകയായിരുന്നു എന്നാണ് പരാതി.അൻവറിനോട് ചോദ്യങ്ങള്‍ ചോദിക്കണ്ടെന്നും യോഗം വിളിച്ചതല്ലേ അവിടെ പറയുമെന്ന് പറഞ്ഞാണ് കയ്യേറ്റം ചെയ്തത്.എന്നാൽ അൻവർ പോയശേഷം ആർക്കോവേണ്ടി ചെയ്ത ഗുണ്ടായിസമാണ്. അനിഷ്ട സംഭവങ്ങളിൽ ഖേദം അറിയിക്കുന്നു. ആക്രമണം നടത്തിയവർക്ക് തങ്ങളുമായി ബന്ധമില്ലെന്ന് പരിപാടിയുടെ സംഘാടകർ അറിയിച്ചു.