തിരുവനന്തപുരം : ഈ വർഷം തന്നെ ഡ്രൈവിങ് ലൈസൻസ് പൂർണമായും ഡിജിറ്റലാക്കാനുള്ള നീക്കത്തിലേക്ക് കടന്ന് മോട്ടോർ വാഹന വകുപ്പ്. ഇതിനായി ധനവകുപ്പിൻ്റെ അനുമതി തേടി ഗതാഗത വകുപ്പ് ഉടൻ സമീപിക്കും. ഡിജിറ്റലാക്കുന്നതോടെ ലൈസൻസിന്റെ ഒർജിനൽ പകർപ്പ് വിതരണം നിർത്തലാക്കും.
കരാറെടുത്ത ഇന്ത്യൻ ടെലഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡിന് 15 കോടി രൂപ കുടിശ്ശികയായതോടെ ലൈസൻസ്, ആർസി എന്നിവയുടെ അച്ചടി മന്ദഗതിയിലാണ്. ജൂലൈ മുതലുള്ള അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഇതിന് ശാശ്വത പോംവഴിയായിട്ടാണ് ഗതാഗത കമ്മീഷണർ സി.എച്ച് നാഗരാജു ഡ്രൈവിങ് ലൈസൻസ് പൂർണമായും ഡിജിറ്റലാക്കാനുള്ള ശിപാർശ ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാറിന് സമർപ്പിച്ചത്. എംപരിവാഹനിൽ ഇപ്പോൾ ഡിജിറ്റൽ ലൈസൻസ് ലഭ്യമാകുമെങ്കിലും അച്ചടിച്ച പകർപ്പും എംവിഡി നൽകുന്നുണ്ട്. ഡിജിറ്റലാക്കിയാൽ അനാവശ്യ ചെലവും ലൈസൻസിനായുള്ള കാത്തിരിപ്പും ഒഴിവാക്കാനാവും. ഡ്രൈവിങ് ടെസ്റ്റ് പാസാകുന്ന ദിവസം തന്നെ ഡിജിറ്റൽ ലൈസൻസും നൽകാൻ കഴിയുന്നതാണ്.
ഡിജിറ്റലാക്കിയാൽ വാഹന പരിശോധന സമയത്ത് ഉദ്യോഗസ്ഥർ ലൈസൻസിന്റെ ഹാർഡ്കോപ്പി ഒരിക്കലും ആവശ്യപ്പെടില്ല. ലൈസൻസ് ഡിജിറ്റൈസേഷന് നിയമപരമായി വലിയ പ്രശ്നങ്ങളില്ലെങ്കിലും എംവി ആക്ട് 130 (1), 206 എന്നീ വകുപ്പുകളിൽ പറയുന്ന ലൈസൻസ് പിടിച്ചെടുക്കൽ നിയമം നടപ്പാക്കുന്നതിൽ സാങ്കേതിക പ്രശ്നം ഉണ്ടാവും. എംവിഡിയുടെ വരുമാനം ഇപ്പോൾ കൈകാര്യം ചെയ്യുന്നത് ധനവകുപ്പായതിനാലാണ് ഡിജിറ്റൈസേഷനാക്കാൻ ധനവകുപ്പിന്റെ കൺകറൻസ് ലെറ്റർ അഥവാ അനുമതി പത്രം വേണ്ടത്.