ജമ്മു: ജമ്മു കശ്മീരിലെ കത്വയിൽ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഹെഡ് കോൺസ്റ്റബ്ളായ പൊലീസുകാരന് വീരമൃത്യു. ഹെഡ് കോൺസ്റ്റബ്ൾ ബഷീർ അഹമ്മദ് ആണ് വീരമൃത്യു വരിച്ചത്. ഒരു അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബിലാവർ തഹസിലിലെ കോഗ്-മണ്ഡ്ലി ഗ്രാമം വളഞ്ഞ സുരക്ഷ സേനക്കു നേരെ ഭീകരർ വെടിവെപ്പ് നടത്തുകയായിരുന്നു. ഭീകരർ വെടിവെച്ചതിന് പിന്നാലെ സേന ശക്തമായി തിരിച്ചടിച്ചു. രാത്രി വൈകിയും ഇവിടെ വെടിവെപ്പ് തുടരുകയാണ്.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലിൽ മൂന്നു സൈനികർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു.വെള്ളിയാഴ്ച രാത്രിയാണ് അഡിഗം ഏരിയയിൽ ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് സുരക്ഷാസേനക്ക് രഹസ്യ വിവരം ലഭിച്ചത്. ഉടൻ തന്നെ സംയുക്തസേന സ്ഥലത്തെത്തി. ഭീകരർ വെടിയുതിർത്തതിന് പിന്നാലെ സേന തിരിച്ചടിച്ചു. അഡിഗം ദേവ്സർ ഏരിയയിൽ വെള്ളിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ ശനിയാഴ്ച രാവിലെയും തുടർന്നു. കരസേനയുടെ ചിനാർ കോർപ്സും ജമ്മു കശ്മീർ പൊലീസുമാണ് പ്രദേശത്ത് സംയുക്ത ഓപറേഷൻ നടത്തിയത്.