തിരുവനന്തപുരം: പി.വി അൻവർ എം.എൽ.എക്കെതിരെ ഫോൺ ചോർത്തലിൽ കേസ്. കോട്ടയം കറുകച്ചാൽ പൊലീസാണ് കേസെടുത്തത്. ഫോൺ ചോർത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചുവെന്നാണ് കേസ്. അൻവറിന്റെ വെളിപ്പെടുത്തൽ സ്വകാര്യതലംഘനമാണെന്നും പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഫോൺ ചോർത്തിയെന്നുമുള്ള പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പി.വി അൻവറിനെതിരെ കേസെടുത്തിരിക്കുന്നത്. കോട്ടയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും. ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ നിയമപ്രകാരമാണ് പി.വി അൻവറിനെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ പ്രമുഖ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണുകൾ താൻ ചോർത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ പി.വി അൻവർ ചില സംഭാഷണശകലങ്ങൾ പുറത്ത് വിടുകയും ചെയ്തിരുന്നു. അതേസമയം, പൊലീസ് ചില കേസുകളിൽ നടത്തിയ അന്വേഷണത്തിലെ വിവരങ്ങൾ ചോർത്തി പി.വി. അൻവറിന് നൽകിയതിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് ഡി.ജി.പിക്ക് സമർപ്പിച്ചിരുന്നു. രണ്ട് എസ്.പി മാർക്കും ഒരു ഡി.വൈ.എസ്.പിക്കും ഇതിൽ പങ്കുണ്ടെന്നാണ് സംശയം. അതിനാൽ ഈ മൂന്ന് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. അൻവറിന് ഉപദേശം നൽകുന്നതും പൊലീസ് ഉദ്യോഗസ്ഥരാണെന്നും ഇന്റലിജൻസ് വിഭാഗം റിപ്പോർട്ടിലുണ്ട്.