വെള്ളനാട് : വെള്ളനാട് ഹോട്ടലിൽ നടന്ന തർക്കത്തിനിടെ ജില്ലാപ്പഞ്ചായത്തംഗം വെള്ളനാട് ശശി സ്ത്രീകളേയും കുട്ടിയേയും ആക്രമിച്ച സംഭവത്തിൽ ദേശീയ പട്ടികജാതി കമ്മിഷൻ ഡി.ജി.പിയോട് റിപ്പോർട്ട് തേടി. 25 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളനാട് പുനലാൽ നെടുമാനൂർ അയണിത്തലയ്ക്കൽ വീട്ടിൽ എസ്. സുകന്യാരാജ് നൽകിയ പരാതിയിലാണ് റിപ്പോർട്ട് തേടിയത്.
1989ലെ എസ്.സി/എസ്.ടി ആക്ടും 2018ൽ ഭേദഗതിചെയ്ത ജുവനൈൽ ജസ്റ്റിസ് ആക്ടും അനുസരിച്ചുള്ള നടപടിയുടെ അടിസ്ഥാനത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കമ്മിഷൻ ആവശ്യപ്പെട്ടത്.
വെള്ളനാട് കുളക്കോട് വില്ലേജ് ഓഫീസിന് മുന്നിൽ പഞ്ചായത്ത് ജീവനക്കാരനായ അരുൺ ജി. റോജ് നടത്തുന്ന ഹോട്ടലിൽ ഈ മാസം 20ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. കടയിലെത്തിയ ജില്ലാപ്പഞ്ചായത്തംഗം കടയുടെ മുന്നിലെ ബോർഡ് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി അരുൺ ജി. റോജിന്റെ ഭാര്യ സുകന്യാ രാജും അമ്മ ഗീതയുമായി വാക്കുതർക്കമുണ്ടായി. ബഹളം മൊബൈൽ ഫോണിൽ പകർത്തിയ സുകന്യയുടെ എട്ടുവയസുകാരനായ മകൻ മോഖിതിന്റെ കൈയിൽനിന്ന് മൊബൈൽ ഫോൺ അടിച്ച് തെറിപ്പിച്ചു.
സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാവകുപ്പുകൾ ചേർത്ത് ശശിക്കെതിരെ കേസെടുത്തു. സംഭവശേഷം ഒളിവിലായിരുന്ന ഇയാളെ ആയൂരിൽനിന്ന് ആര്യനാട് പൊലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി. ആരോഗ്യസ്ഥിതി പരിഗണിച്ച് നെടുമങ്ങാട് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.