കോഴിക്കോട്: മസാജ് പാര്‍ലറുകളുടെ മറവില്‍ ലൈംഗിക വ്യാപാര കേന്ദ്രങ്ങള്‍ വളരുന്നതിനിടെ എയ്ഡ്സ് രോഗഭീതിയും പടരുന്നു. കഴിഞ്ഞ വര്‍ഷം 1183 പേര് എച്ച്.ഐ.വി ബാധിതരാണെന്ന് കണ്ടെത്തി. ഇതിനേക്കാള്‍ കൂടുതലായിരിക്കും യഥാര്‍ഥ കണക്കെന്നത് ഞെട്ടിക്കുന്നതാണ്. ലൈംഗിക രോഗബാധ കൂടി വരികയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2022-23 വര്‍ഷത്തിലെ ലൈംഗിക രോഗബാധിതരുടെ എണ്ണം 19323 ആണ്. മുന്‍ വര്‍ഷം ഇത് 15296 ആയിരുന്നു. പുതിയ വര്‍ഷം എണ്ണത്തില്‍ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഗൊണേറിയ, സിഫിലിസ് തുടങ്ങിയ രോഗങ്ങള്‍ കൂടിയതായാണ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ കണക്ക്. 948ല്‍ നിന്ന് 1361ലേക്കാണ് സിഫിലിസ് രോഗികളുടെ എണ്ണം വര്‍ധിച്ചത്. തിരുവനന്തപുരത്തും (186) എറണാകുളത്തു(181)മാണ് കൂടുതല്‍ സിഫിലിസ് കേസുകള്‍.
സംസ്ഥാനത്ത് 1410679 പരിശോധനകളാണ് 2022-23ല്‍ നടന്ന്. 527949 ഉം ഗര്‍ഭിണികളില്‍ നടത്തിയതാണ്. ഗര്‍ഭിണികളൊഴികെ നടന്ന 882730 പരിശോധനകളില്‍ നിന്നാണ് 1154 പേര് എച്ച്.െഎ.വി ബാധിതരായി കണ്ടത്. ഗര്‍ഭിണികളില്‍ 29 പേരും പോസിറ്റീവായിരുന്നു. 505540 പുരഷന്മാരെയും 370722 സ്ത്രീകളെയും 6468 ട്രാന്സ്ജന്ഡേഴ്സിനെയുമാണ് പൊതു വിഭാഗത്തില്‍ പരിശോധിച്ചത്.
ഈ വിഭാഗത്തില്‍ തിരുവനന്തപുരം ജില്ലയില്‍ 158 പേര് പോസറ്റീവായി. പരിശോധിച്ചത് 117553 പേരെ. 110853 പേരെ ടെസ്റ്റ് ചെയ്ത കോഴിക്കോട് ജില്ലയില്‍ 104 പേരും രോഗബാധിതരായി. കൂടുതല്‍ പോസിറ്റീവ് എറണാകുളം ജില്ലയിലാണ്. 212 പേര്. ഇവിടെ 82311 പേരെയേ പരിശോധിച്ചിട്ടുള്ളൂ. 98413 പേരില്‍ 159 പേര് പോസിറ്റീവായ തൃശൂരാണ് രണ്ടാമത്.
മലപ്പുറത്ത് 93542 ഗര്‍ഭിണികളെ പരിശോധനക്ക് വിധേയരാക്കിയതില്‍ ഒരാളാണ് പോസറ്റീവെന്ന് കണ്ടത്. 55803 പേരെ പരിശോധിച്ച എറണാകുളത്ത് അഞ്ചു പേരും തൃശൂരിലെ അഞ്ചും തിരുവനന്തപുരത്തെ നാലും കണ്ണൂരിലെ മൂന്നും ഗര്‍ഭിണികള്‍ രോഗബാധിതരായിരുന്നു.
എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി ലഭ്യമാക്കിയ അടുത്ത കണക്ക് 2023 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ളതാണ്. ഇതിലും പോസറ്റീവുകാരടെ എണ്ണത്തില്‍ മുമ്പില്‍ എറണാകുളമാണ്. 1,41,951 പേരെ പൊതു വിഭാഗത്തില്‍ പരിശോധിച്ചപ്പോള്‍ 148 പേരും പോസിറ്റീവാണ്. ആകെ പരിശോധിച്ച 12,26,868 പേരില്‍ 2,63,201 പേര് ഗര്‍ഭിണികളാണ്. ഗര്‍ഭിണികളില്‍ 15 പേര് മാത്രം പോസറ്റീവായപ്പോള് പൊതു വിഭാഗത്തില്‍ 709 പേരും എച്ച്.ഐ.വി ബാധിതരാണ്. പരിശോധനയുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ട്. 2022-23ല്‍ 3,70,722 സ്ത്രീകളെ പൊതു വിഭാഗത്തില്‍ ടെസ്റ്റ് ചെയ്തുവെങ്കില്‍ 2023ല്‍ ഒക്ടോബര്‍ വരെ 4,56,364 പേരെയാണ് പരിശോധിച്ചത്.