സംസ്ഥാനത്ത് മുദ്രപത്രങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നു. ചെറിയ തുകയുടെ മുദ്രപത്രങ്ങള്‍ക്കാണ് സംസ്ഥാനത്ത് വലിയതോതില്‍ ക്ഷാമം അനുഭവപ്പെടുന്നത്.മുദ്രപത്രങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ 20 രൂപയുടെയും 50 രൂപയുടെയും അടക്കമുള്ള ചെറിയ തുകയുടെ മുദ്രപത്രങ്ങള്‍ മൂന്നാഴ്ചയ്ക്കകം ലഭ്യമാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നല്‍കിയിട്ടുണ്ട്.
20 രൂപയുടെ കെട്ടിക്കിടക്കുന്ന മുദ്രപത്രങ്ങളുടെ പുനർ മൂല്യനിർണയം നടത്തി അവ വിതരണം ചെയ്യുന്നതിനും 50 രൂപ വില വരുന്ന 6 ലക്ഷം മുദ്രപത്രങ്ങള്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ സർക്കാർ ഉടൻ സ്വീകരിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.
6 ലക്ഷം മുദ്രപത്രം സെൻട്രല്‍ സെക്യൂരിറ്റി പ്രസ്സില്‍ വിതരണത്തിന് തയ്യാറാണെന്നും മുദ്രപത്ര ക്ഷാമം പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പു നല്‍കിയെങ്കിലും മുദ്രപത്രങ്ങള്‍ക്കായി നാസിക് പ്രസിലേക്ക് സർക്കാർ ആറുമാസമായി ഓർഡർ കൊടുത്തിട്ടില്ലെന്ന വിവരാകാശ രേഖയടക്കം മുദ്രപത്ര ക്ഷാമം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് ചേളാരി സ്വദേശി നല്കിയ പൊതു താല്പര്യ ഹർജി പരിഗണിച്ചാണ് കോടതി നിർദേശം നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് ചെറിയ തുകയ്ക്കുള്ള മുദ്രപത്രങ്ങളാണ് ജനന മരണ സർട്ടിഫിക്കറ്റുകള്‍, ബോണ്ടുകള്‍, സെയില്‍ സർട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്നത്. നിലവില്‍ സംസ്ഥാനത്ത് 500 രൂപയ്ക്ക് താഴെയുള്ള മുദ്രപത്രങ്ങള്‍ ലഭ്യമല്ലാത്ത അവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.