ഗണേശ ചതുര്‍ഥി അടുത്തിരിക്കെ അതിന്റെ തിരക്കിലണ് ഇപ്പോള്‍ മുംബൈ നഗരം. ഇതിനായി പത്തു ദിവസം നീണ്ട ആഘോഷ പരിപാടികള്‍ക്കാണ് തുടക്കം കുറിക്കുന്നത്.ഇതോടെ മുംബൈ നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ് പൊലീസ്. ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്.
മുംബൈയിലെ ജനത്തിരക്കുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചതായാണ് പൊലീസ് അറിയിച്ചത്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മോക്ഡ്രില്ലുകള് സംഘടിപ്പിക്കാനും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്കി.
സ്വന്തം അധികാര മേഖലയിലെ സുരക്ഷാ കാര്യങ്ങള്‍ തുടര്‍ച്ചയായി അവലോകനം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് സിറ്റി പൊലീസ് കമ്മിഷണര്‍ നിര്‍ദേശം നല്കി. സംശയകരമായ കാര്യങ്ങളുണ്ടെങ്കില്‍ അറിയിക്കാന്‍ ജനങ്ങളോടും അഭ്യര്‍ഥിച്ചു. രണ്ട് പ്രശസ്ത ആരാധനാലയങ്ങള്‍ ഉള്‍ക്കൊള്ളുന്ന തിരക്കേറിയ ക്രോഫോര്‍ഡ് മാര്‍ക്കറ്റ് ഏരിയയില്‍ പൊലീസ് ഇന്നലെ മോക് ഡ്രില്ലുകള്‍ നടത്തിയിരുന്നു. അതേസമയം, ആഘോഷ കാലമായതിനാലാണ് സുരക്ഷ വര്‍ധിപ്പിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നവംബറില്‍ നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയാണെങ്കില്സുരക്ഷ ശക്തമാക്കേണ്ടതുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിച്ചത്.