സംസ്ഥാനത്തുടനീളമുള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി നല്കികര്ണ്ണാടക സര്‍ക്കാര്‍,പത്തോ അതിലധികമോ ആളുകള്‍ ജോലി ചെയ്യുന്ന എല്ലാ കടകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും മാത്രമാണ് പുതിയ നിർദേശം ബാധകമാകുക.സാമ്ബത്തിക പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം.
നിർദേശം അനുസരിച്ച്, രാത്രി 8 മണിക്കും രാവിലെ 6 മണിക്കും ഇടയില്‍ ജോലി ചെയ്യുന്ന ജീവനക്കാരനില്‍ നിന്ന് തൊഴിലുടമ രേഖാമൂലമുള്ള സമ്മതം വാങ്ങേണ്ടതാണ്. ജീവനക്കാരുടെ സുരക്ഷയ്ക്ക് തൊഴിലുടമകള്‍ മുൻഗണന നല്‍കണം. ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഗതാഗത ക്രമീകരണം നിർബന്ധമാണ്. പുതിയ വ്യവസ്ഥകള്‍ സംബന്ധിച്ച അറിയിപ്പുകള് സ്ഥാപനത്തിന്റെ പ്രധാന കവാടത്തില്‍ പ്രദർശിപ്പിക്കണം. ജീവനക്കാർക്ക് വിശ്രമമുറികള്‍, ശുചിമുറികള്‍, സുരക്ഷാ ലോക്കറുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ അവശ്യ സൗകര്യങ്ങള്‍ നല്‍കണമെന്നും തൊഴില്‍ വകുപ്പ് നിർദേശിച്ചു.
നിശ്ചിത അവധി ദിവസങ്ങളിലോ സാധാരണ സമയത്തിനപ്പുറമോ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അധിക വേതനം നല്‍കേണ്ടതാണ്. അല്ലെങ്കില്‍ തൊഴിലുടമ ശിക്ഷാ നടപടി നേരിടേണ്ടിവരുമെന്ന് സർക്കാർ മുന്നറിയിപ്പ് നല്കി. ഓരോ ജീവനക്കാരനും റൊട്ടേഷണല്‍ അടിസ്ഥാനത്തില്‍ ആഴ്ചയില്‍ ഒരു ദിവസം അവധിയെടുക്കാൻ കഴിയുമെന്ന് ഉറപ്പാക്കണം. ഇതിനായി അധിക ജീവനക്കാരെ നിയമിക്കാൻ തൊഴിലുടമകള്‍ ശ്രമിക്കണം. ഓരോ ജീവനക്കാരന്റെയും വിശദാംശങ്ങളും അവധിയെടുത്തതിന്റെ രേഖകളും ജോലിസ്ഥലത്ത് കൃത്യമായി രേഖപ്പെടുത്തണമെന്നും തൊഴില്‍ വകുപ്പ് നിർദേശിച്ചു.