എല്ലാവിഭാഗക്കാരെയും ഉൾക്കൊള്ളുന്ന സമീപനം, വൈവിധ്യം, തുല്യത എന്നിവയിൽ കേരളം ലോകത്തിനുതന്നെ മാതൃകയാണെന്ന് ജർമനിയിലെ ഇന്റർനാഷണൽ ബിസിനസ് റിലേഷൻസ് ക്വീർ ഡെസ്റ്റിനേഷൻസ് ഡയറക്ടറും ഉത്തരവാദിത്ത ടൂറിസം മിഷൻ സ്ഥാപകയുമായ റിക്കാ ജീൻ ഫ്രാങ്കോയ്സ്, കേരള ട്രാവൽ മാർട്ടിൽ നടന്ന സെമിനാറിൽ സംസാരിച്ചുകൊണ്ട് പറഞ്ഞു. പ്രാദേശിക ജനതയുടെ പങ്കാളിത്തം ടൂറിസം വ്യവസായത്തിൽ ഉറപ്പാക്കുന്നതിൽ കേരളം ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. രാജ്യത്ത് ഏറ്റവുമധികം പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള കേരളത്തിന് ഇന്റിമേറ്റ് വെഡ്ഡിങ് വിഭാഗത്തിൽ സാധ്യതകൾ ഏറെയാണെന്ന് റെയിൻ മേക്കർ വെഡ്ഡിങ് ഡയറക്ടർ ജോയൽ ജോൺ സെമിനാറിൽ പറഞ്ഞു.
സെമിനാർ ചർച്ചയിൽ അതിജീവനത്തിന്റെ പ്രതീകമായി ടൂറിസം മാറിയെന്നതാണ് ഈ നൂറ്റാണ്ടിലെ മാറ്റമെന്ന് സിജിഎച്ച് എർത്ത് സ്ഥാപകനും കെ ടി എം സ്ഥാപക പ്രസിഡന്റുമായ ജോസ് ഡൊമിനിക് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ തോട്ടംമേഖലയിലെ ടൂറിസം സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്താൻ സാധിച്ചാൽ ഇവിടുത്തെ ടൂറിസം പുതിയ തലത്തിലേക്കെത്തുമെന്നും കൂടുതൽ സഞ്ചാരികളുടെ സാന്നിധ്യം ഉണ്ടാകുമെന്നും സെമിനാറിൽ അഭിപ്രായമുയർന്നു. കെടിഎം മുൻ പ്രസിഡന്റുമാരായ ബേബി മാത്യു സോമതീരം, റിയാസ് അഹമ്മദ്, പ്രസിഡന്റ് ജോസ് പ്രദീപ്, സെമിനാർ കമ്മിറ്റി വൈസ് ചെയർപേഴ്സൺ നിർമല ലില്ലി തുടങ്ങിയവരും സംസാരിച്ചു. കേരള ട്രാവൽ മാർട്ട് സൊസൈറ്റി സംഘടിപ്പിക്കുന്ന “കേരള ട്രാവൽ മാർട്ട് (കെടിഎം) 2024′ ടൂറിസംമേളയുടെ ഭാഗമായുള്ള പ്രദർശനം കൊച്ചി വെല്ലിങ്ടൺ ഐലൻഡിലെ സാഗര–സാമുദ്രിക കൺവൻഷൻ സെന്ററിൽ ആരംഭിച്ചു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി, കെടിഡിസി, കിറ്റ്സ്, തമിഴ്നാട് ടൂറിസം, കർണാടക ടൂറിസം, ഇൻക്രെഡിബിൾ ഇന്ത്യ തുടങ്ങിയവയുടെ സ്റ്റാളുകൾ മന്ത്രി സന്ദർശിച്ചു. ടൂറിസം സെക്രട്ടറി കെ ബിജു, ഡയറക്ടർ ശിഖ സുരേന്ദ്രൻ, കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ്, സെക്രട്ടറി എസ് സ്വാമിനാഥൻ തുടങ്ങിയവരും പങ്കെടുത്തു. 76 രാജ്യങ്ങളിൽനിന്നായി 804 വിദേശ ബയർമാരും ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള 2035 ബയർമാരുമാണ് കെടിഎം 12–-ാം പതിപ്പിൽ പങ്കെടുക്കുന്നുണ്ട്. വെൽനസ് ടൂറിസം, റിസോർട്ട്, ഹോട്ടൽ, സാഹസിക വിനോദസഞ്ചാരം തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി 347 സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്. വാണിജ്യ കൂടിക്കാഴ്ചകൾ, ദേശീയ- അന്താരാഷ്ട്ര വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. 29ന് പൊതുജനങ്ങൾക്ക് പ്രവേശനം നൽകും തുടർന്ന് രാത്രി മേള സമാപിക്കും.