മലയാള സിനിമയിലും സീരിയൽ രംഗത്തും എല്ലാ വിഭാഗങ്ങളിലും സ്ത്രീ പുരുഷ തുല്യതയും അവസര സമത്വവും ഉറപ്പു വരുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണെന്ന് സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ. സാങ്കേതിക രംഗത്ത് സ്ത്രീപ്രാതിനിധ്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആവിഷ്കരിച്ച തൊഴില്‍പരിശീലനപരിപാടി ഈ ദിശയിലുള്ള നൂതനമായ ചുവടുവെപ്പാണെന്ന് മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ 27,28,29 തീയതികളിലായി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടക്കുന്ന ഓറിയന്റേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.എസ്.എഫ്.ഡി.സി ചെയര്മാന് ഷാജി എന്‍. കരുണ്‍, സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് മധുപാല്‍, കേരള നോളജ് എക്കണോമി മിഷന് ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല, വനിതാ വികസന കോര്പ്പറേഷന് ഡയറക്ടര്‍ ബിന്ദു വി.സി, സര്‍വവിജ്ഞാനകോശം ഡയറക്ടര്‍ ഡോ.മ്യൂസ് മേരി ജോര്‍ജ്, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എം സത്യൻ, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം കുക്കു പരമേശ്വരന്, സെക്രട്ടറി സി.അജോയ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട 30 വനിതകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. പ്രൊഡക്ഷന്‍ മാനേജ്മെന്റ്, ലൈറ്റിംഗ്, ആര്‍ട്ട് ആന്റ് ഡിസൈന്‍, കോസ്റ്റ്യൂം, മേക്കപ്പ്, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്വിഷന്, മാര്‍ക്കറ്റിംഗ് ആന്റ് പബ്ളിസിറ്റി എന്നീ മേഖലകളിലാണ് പരിശീലനം നല്‍കുന്നത്. നടിയും കോസ്റ്റ്യൂം ഡിസൈനറുമായ കുക്കു പരമേശ്വരനാണ് ക്യാമ്പ് ഡയറക്ടര്‍. ക്യാമ്പില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി തീവ്രപരിശീലനപരിപാടി സംഘടിപ്പിക്കും. തുടര്‍ന്ന് സിനിമകളുടെ വിവിധ സാങ്കേതിക വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ ഫിലിം എഡിറ്റര്‍ ബീനാപോള്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ജില്ലാ ഗവണ്മെന്റ് പ്ളീഡര്‍ ഡോ.ടി. ഗീനാകുമാരി, ഫിലിം മാര്‍ക്കറ്റിംഗ് ഡിസൈനര്‍ ഡോ.സംഗീത ജനചന്ദ്രന്, ഛായാഗ്രാഹകന്‍ കെ.ജി ജയന്, നിര്‍മ്മാതാക്കളായ ജി.സുരേഷ് കുമാര്‍, ജി.പി വിജയകുമാര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് മിറ്റ എം.സി, കലാസംവിധായകന്‍ അനീസ് നാടോടി, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കല്‍, പബ്ളിസിറ്റി ഡിസൈനര്‍ ആന്റണി സ്റ്റീഫന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും.