നെയ്യാറ്റിൻകര: തവണ വ്യവസ്ഥയിൽ മൊബൈൽ വാങ്ങാനായി പരിചയക്കാരുടെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്ബുക്ക് വിവരങ്ങൾ നൽകി തട്ടിപ്പു നടത്തുന്ന യുവാവ് പിടിയിലായി. കബളിപ്പിച്ചത് 13 പേരെയാണ് തട്ടിപ്പു നടത്തിയ ആളെ പോലീസ് അറസ്റ്റു ചെയ്തെങ്കിലും തട്ടിപ്പിനിരയായവർ വാങ്ങാത്ത ഫോണിന് മാസം തോറും തവണ അടയ്ക്കേണ്ട ഗതികേടിലായി.
പാറശ്ശാല, നെടുവാൻവിള, തെക്കേമഠവിളാകം അജി എന്ന അജീഷിനെയാണ് നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയത്. പ്രതി അയൽവാസികളെ പറഞ്ഞുപറ്റിച്ച് അവരുടെ രേഖകൾ നെയ്യാറ്റിൻകര യിലെ മൊബൈൽ കടയിൽ നൽകിയാണ് ഫോണുകൾ വാങ്ങിയത്. പ്രതിക്ക് ഫോണില്ലെന്നും അതുകൊണ്ട് വായ്പാ ടിസ്ഥാനത്തിൽ ഫോൺ എടുക്കാൻ രേഖകൾ നൽകണമെന്നും തിരിച്ചടവ് പണം പ്രതി അടയ്ക്കുമെന്ന് വിശ്വസിപ്പിച്ചാണ് ഓരോരുത്തരെയും കൊണ്ട് ഫോൺ വാങ്ങിപ്പിച്ചത്.
പ്രതിയുടെ അയൽവാസികളായ ഷാജി, പ്രശാന്ത്, സ്റ്റീഫൻ, ജോസ്, ഗിരിജ, സജിൻ, വിൽസൻ, മുരുകൻ, മണികണ്ഠൻ, സനൂപ്, വിജയൻ, ശരത്, വിഘ്നേഷ് എന്നിവരാണ് തട്ടിപ്പിനിരയായത്.പ്രതിയുടെ സിബിൽ സ്കോർ കുറവാണെന്നും അതുകൊണ്ട് ഇ.എം.ഇ.യിൽ ഫോൺ വാങ്ങാനാവില്ലെന്നും തെറ്റിദ്ധരിപ്പിച്ചാണ് രേഖകൾ വാങ്ങിയത്. ഈ രേഖകളുമായി നെയ്യാറ്റിൻകരയിലെ കടയിൽ ഇവരെ ഓരോരുത്തരെയും വെവ്വേറെയായി കൊണ്ടുവന്നാണ് ഫോണുകൾ വാങ്ങിയത്.
ഇരുപതിനായിരം രൂപ മുതൽ തൊണ്ണൂറായിരം രൂപവരെ വിലവരുന്ന ഫോണുകളാണ് പ്രതി ഇവരെകൊണ്ട് വാങ്ങിപ്പിച്ചത്. പലരെയും പരസ്പരം അറിയിക്കാ തെയാണ് രേഖകൾ തരപ്പെടുത്തി അവരെ കൊണ്ടുതന്നെ ഫോൺ വാങ്ങിപ്പിച്ചത്. ഇ.എം.ഐ. അടവിനായി പല ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ളവർ സമീപിച്ച തോടെയാണ് തട്ടിപ്പിനെക്കുറിച്ച് ഇവർ അറിയുന്നത്. തുടർന്ന് ഇവർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അജീഷിനെ ഒരാഴ്ച മുൻപ് അറസ്റ്റ് ചെയ്തത്.പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇവരെ പറ്റിച്ച് വാങ്ങിക്കൂട്ടിയ ഫോണുകൾ കണ്ടെത്താൻ പോലീസ് തയ്യാറായില്ലെന്ന് തട്ടിപ്പിനിരയായവർ പത്രസമ്മേളനത്തിൽ ആരോപിച്ചു. മാത്രവുമല്ല ഫോണുമില്ല. തിരിച്ചടവ് തങ്ങളുടെ ബാധ്യതയായി മാറിയെന്നും അവർ പറഞ്ഞു. പ്രതി തട്ടിപ്പ് നടത്തി വാങ്ങിയ ഫോണുകൾ കണ്ടെത്തണമെന്നാണ് തട്ടിപ്പിനിരയായവരുടെ ആവശ്യം.