ആറര മണിക്കൂറാണ് വെള്ളിയാഴ്ച മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുപ്പ് പൂർത്തിയായി രാത്രിയോടെ അജിത് കുമാർ പൊലീസ് ആസ്ഥാനത്തുനിന്ന് മടങ്ങി. ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. ഐജി സ്പർജൻ കുമാർ അടക്കമുള്ളവരെ ഒഴിവാക്കിയാണ് ഉച്ചയ്ക്ക് ശേഷമുള്ള മൊഴിയെടുപ്പ് നടന്നത്.
എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ കഴിഞ്ഞദിവസമാണ് സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ രണ്ട് കൂടിക്കാഴ്ചകളും അന്വേഷിക്കുന്നുണ്ട്. എഡിജിപിക്കൊപ്പം ആർഎസ്എസ് നേതാക്കളെ കണ്ടവരുടെയും മൊഴിയെടുക്കുന്നുണ്ട്. സ്പെഷല്‍ ബ്രാഞ്ച് റിപ്പോർട്ടില്‍ പറയുന്നവരുടെ മൊഴിയാണ് എടുക്കുന്നത്.
ആർഎസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊലെയുമായിട്ടായിരുന്നു എഡിജിപിയുടെ ആദ്യ കൂടിക്കാഴ്ച. തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിരത്തില്‍ നടന്ന ആർഎസ്എസ് ക്യാമ്ബിനിടെയാണ് കൂടിക്കാഴ്ച നടന്നത്. 2023 മെയ് രണ്ടിനായിരുന്നു കൂടിക്കാഴ്ച.
രണ്ടാമത്തെ കൂടിക്കാഴ്ച നടന്നത് 2023 ജൂണ്‍ രണ്ടിന് കോവളത്തെ ഹോട്ടലിലാണ്. ആർഎസ്എസ് നേതാവ് രാം മാധവുമായിട്ടായിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയില്‍ ബിസിനസ് സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.