പേരൂർക്കട ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ ഹോക്കി ടീമിനെ നാളെ (28.09.2024) മുതൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാനതല നെഹ്റു കപ്പ് ഹോക്കി മത്സരത്തിൽ പങ്കെടുപ്പിക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. അടുത്ത അധ്യയന വർഷം മുതൽ സ്പോർട്സ് കലണ്ടർ തയ്യാറാക്കുമ്പോൾ കുട്ടികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് കൃത്യമായ ഇടവേളകൾ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താനും കമ്മീഷൻ അംഗം എൻ. സുനന്ദ പുറപ്പെടുവിച്ച ഉത്തരവിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. കുട്ടികളെ ഇടവേളകളില്ലാതെ മത്സരിപ്പിക്കേണ്ടിവരുന്നത് അവരെ മാനസികമായും ശാരീരികമായും സമ്മർദ്ദത്തിലാക്കുകയും അവരുടെ കഴിവുകൾ പൂർണമായി പ്രകടിപ്പിക്കാൻ കഴിയാതെ വരികയും ചെയ്യുമെന്ന് കമ്മിഷൻ നിരീക്ഷിച്ചു. സ്കൂളിലെ യു.പി.എച്ച്.എസ് വിഭാഗം കുട്ടികൾ തുടർച്ചയായി 3 മത്സരങ്ങൾ കളിക്കേണ്ടിവരികയും വിശ്രമമില്ലാതെ കളിക്കേണ്ടിവന്നതിനാൽ പലമത്സരങ്ങളിലും പരാജയപ്പെടുത്തുകയും ചെയ്തത് ചൂണ്ടിക്കാട്ടി കമ്മീഷന് ലഭിച്ച പരാതിയിന്മേലാണ് ഉത്തരവ്. ഇതിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കാനും കമ്മീഷൻ നിർദ്ദേശം നൽകി.