നെയ്യാറ്റിൻകര: സ്കൂൾ വിദ്യാർത്ഥികളെ ഉപയോഗിച്ച് ലഹരി മരുന്ന് കടത്തും വില്പനയും നടത്തിവന്ന സംഘത്തിലെ പ്രധാന പ്രതി അറസ്റ്റിൽ. അതിയന്നൂർ തലയിൽ കൈതോട്ടുകോണം പ്ലാവിള പുത്തൻവീട്ടിൽ ബോസ് എന്ന ഷാൻ മാധവൻ(40) നെയാണ് നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടവും ഉപയോഗവും നടത്തി വൻലഹരി മാഫിയ സംഘം പ്രവർത്തിക്കുന്നതായി റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്.
സോഷ്യൽ മീഡിയയിലൂടെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ നിരീക്ഷിക്കുന്ന വിദ്യാർത്ഥികളുടെ പ്രൊഫൈലുകൾ മനസിലാക്കിയശേഷം അവരുമായി സൗഹാർദ്ദം സ്ഥാപിക്കുകയാണ് പ്രതിയുടെ രീതി. ഇവരെ ലഹരിക്കടിമയാക്കി ലഹരി കടത്തിന് ഉപയോഗിക്കും. കുട്ടികളുടെ കുടുംബങ്ങളുടെ സാമ്പത്തിക പശ്ചാത്തലം ചൂഷണം ചെയ്ത് ചാരിറ്റിവർക്കെന്ന നിലയിൽ സാമ്പത്തിക സഹായങ്ങളും ഇയാൾ നൽകിയിരുന്നു.പന്നിഫാം,വാഹന കച്ചവടം,റിയൽ എസ്റ്റേറ്റ് ബിസിനസ് തുടങ്ങിയവയുടെ മറവിലാണ് ലഹരിക്കച്ചവടം.
നെയ്യാറ്റിൻകര,ബാലരാമപുരം പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളും നിലവിലുണ്ട്.പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകര ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്.ഷാജി, എസ്.എച്ച്.ഒ എസ്.ബി.പ്രവീൺ, എസ്.ഐ കെ.സാജൻ, എസ്.സി.പി.ഒ ബിനോയ് ജസ്റ്റിൻ,തിരുവനന്തപുരം റൂറൽ ജില്ലാ ഡാൻസ്സാഫ് അംഗങ്ങളായ ഗ്രേഡ് പൊലീസ് സബ്ഇൻസ്പെക്ടർ പ്രേമൻ,സീനിയർ സിവിൽ പൊലീസ് ഓഫീസർ അനീഷ്,പത്മകുമാർ,അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.