മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജന്. വലതുപക്ഷത്തിന്റെ കോടാലിക്കൈയായി അന്‍വര്‍ മാറുന്നുവെന്ന് എം വി ജയരാജന് വിമര്‍ശിച്ചു. അന്‍വര്‍ നല്കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടും തുടര്‍ച്ചയായി സര്‍ക്കാറിനെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിക്കുന്നതും അന്‍വറിനെ ജയിപ്പിച്ച നിലമ്പൂരിലെ ജനങ്ങളോട് കാട്ടുന്ന മര്യാദയില്ലായ്മയാണെന്നും ജയരാജന് പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മാപ്പര്‍ഹിക്കാത്ത കുറ്റമാണ് അന്‍വര്‍ ചെയ്തത്. തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് മുഖ്യമന്ത്രിയാണെന്നുവരെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിളമ്പാന്‍ അന്‍വറിനായി. ഇങ്ങനെ പറഞ്ഞ അന്‍വര്‍ തന്നെ ജയിപ്പിച്ചത് മുഖ്യമന്ത്രിയാണെന്ന് പറയുകയും ചെയ്തു. ഒക്കത്തിരുന്ന് ചോരകുടിക്കുന്നതു പോലെ ആയിപ്പോയില്ലേ അന്‍വറിന്റെ പ്രതികരണം? യുഡിഎഫ് നേതാക്കളേക്കാള്‍ ഇടതുവിരുദ്ധനായി അന്‍വര്‍ മാറുകയാണോ,’ ജയരാജന് പറഞ്ഞു.
കോടിയേരി ബാലകൃഷ്ണനെ പ്രകീര്‍ത്തിക്കുന്നതല്ല, അപമാനിക്കുന്നതാണ് അന്‍വറിന്റെ പ്രതികരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്താകെ മാതൃകയാണ് കേരളത്തിലെ ഇടതുപക്ഷഭരണം. അന്‍വര്‍ ആക്ഷേപങ്ങള്‍ ഉന്നയിക്കുമ്പോള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിലും ക്രമസമാധാന പരിപാലനരംഗത്തും കേരളം ഒന്നാമതാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ അന്‍വറിന്റെ ആരോപണങ്ങളെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുക തന്നെ ചെയ്യുമെന്നും ജയരാജന് ഫേസ്ബുക്കില്‍ കുറിച്ചു