മൈസൂർ അർബൻ ഡെവലപ്മെൻ്റ് അതോറിറ്റി (മുഡ) സ്ഥലം അനുവദിച്ച കേസിൽ കർണാടക മുഖ്യമന്ത്രിക്കെതിരെ പൊലീസ് അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും രംഗത്ത്. കേസന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര പറഞ്ഞു.സിദ്ധരാമയ്യ രാജിവെക്കണമെന്നും വിജയേന്ദ്ര ആവശ്യപ്പെട്ടു. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും വ്യാഴാഴ്ച പ്രതിഷേധ പ്രകടനം നടത്തും. അന്വേഷണം നടത്തണമെന്ന പ്രത്യേക കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്നും വിജയേന്ദ്ര പറഞ്ഞു. മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ നേതൃത്വത്തിൽ ജെഡി(എസ്) നേതാക്കളും പ്രവർത്തകരും ഫ്രീഡം പാർക്കിൽ പ്രകടനം നടത്തിയെങ്കിലും പൊലീസ് തടഞ്ഞു.