8 വർഷത്തിന് ശേഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ബലാത്സംഗക്കേസ് പ്രതി സിദ്ദിഖ് സുപ്രീം കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ. ഭയം മൂലം പരാതി പറയാതിരുന്നുവെന്നത് അവിശ്വസിനീയമാണെന്നും 2019 സോഷ്യൽ മീഡിയയിലൂടെ ആരോപണം ഉന്നയിച്ചപ്പോൾ ബലാത്സംഗമെന്ന് പറഞ്ഞിരുന്നില്ലെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങൾ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈക്കോടതി പരിഗണിച്ചില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.
അതിജീവിതയും സംസ്ഥാന സർക്കാരും തടസ്സഹർജി സമർപ്പിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി വന്നതിനു പിന്നാലെ സുപ്രീംകോടതിയെ സമീപിക്കാൻ സിദ്ദിഖ് നീക്കം തുടങ്ങിയിരുന്നു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയുമായി സിദ്ദിഖിന്റെ അഭിഭാഷകർ സംസാരിച്ചു. വിധിപകർപ്പും കൈമാറി. ഹൈക്കോടതി വിധിയിലെ ചില പോരായ്മകൾ ഉയർത്തിക്കാട്ടിഅറസ്റ്റ് ഒഴിവാക്കാനുള്ള നീക്കമാണ് സിദ്ദിഖ് നടത്തുന്നത്.
സമൂഹത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് താൻ , മറ്റു ക്രമിനൽ കേസുകൾ ഇല്ല. ഈ സാഹചര്യത്തിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ല, അന്വേഷണവുമായി കോടതി നിർദ്ദേശിക്കുന്ന തരത്തിൽ സഹകരിക്കുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. മുൻകൂർ ജാമ്യം വെള്ളിയാഴ്ച്ച എങ്കിലും ബെഞ്ചിന് മുന്നിൽ എത്തിക്കാനാണ് സിദ്ദിഖിന്റെ ശ്രമം. എന്നാൽ അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ് ബലാത്സംഗക്കേസിൽ കോടതി ജാമ്യം നൽകാറൊള്ളൂ. നേരത്തെ ഗവ പ്ലീഡർ പിജി മനുവിന്റെ കേസിൽ ഹൈക്കോടതി ഉത്തരവ് ശരിവച്ച് കീഴടങ്ങാനുള്ള നിർദ്ദേശമാണ് സുപ്രീംകോടതി നൽകിയത്.