പാറശ്ശാല: ചെങ്കല്‍ സായി കൃഷ്ണ പബ്ലിക് സ്കൂളില്‍ സിബിഎസ്ഇ സൗത്ത് സോണ്‍ സംഘടിപ്പിക്കുന്ന ദേശിയ ഇന്റര്‍ സ്കൂള്‍ റൈഫിൾ ഷൂട്ടിംഗിന് തുടക്കമായി.മത്സരങ്ങളുടെ ഉദ്ഘാടനം ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി ജി ആര് അനില്‍ ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു.സ്കൂള്‍ മാനേജിങ് ട്രസ്റ്റി രാജശേഖരന് നായര്‍ അധ്യക്ഷനായ ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ മോഹനകുമാരന്‍ നായര്‍, ഐഎസ്എസ്എഫ് ജൂറി മില്ലെന്‍ ജയിംസ് തിരുവനന്തപുരം റൈഫിൾ അസോസിയേഷന് പ്രസിഡന്റ് മനോജ് സ്കൂള്‍ അക്കാദമിക് ഡയറക്ടര്‍ ആര്.രാധാകൃഷ്ണന് പ്രിന്‍സിപ്പല്‍ രേണുക എന്നിവര്‍ പങ്കെടുത്തു. അസാധ്യമായി നമുക്കൊന്നുമില്ലെന്നും എല്ലാവര്ക്കും ഓര്‍ക്കാന്‍ കഴിയുന്ന ഒരു വേദിയാകട്ടെ എന്നും ,മത്സരം നല്ല രീതിയില്‍ സംഘടിപ്പിക്കുന്ന സായികൃഷ്ണാ പബ്ലിക് സ്കൂളിന് പ്രത്യേക അഭിനന്ദനമുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി ജി.ആര് അനില്‍ പറഞ്ഞു.
കേരളത്തില്‍ നിന്ന് ‘ 102 മത്സരാര്‍ത്ഥികളും കര്‍ണാടകയില്‍ നിന്ന് 363 മത്സരാര്‍ത്ഥികളും മഹാരാഷ്ട്രയില്‍ നിന്ന് 380 മത്സരാര്‍ത്ഥികളും ചേര്‍ന്ന് ആകെ 845 മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. സമാപനചടങ്ങ് സെപ്റ്റംബര്‍ 28 ന് നടക്കും. 10മീറ്റര്‍ പീപ് സൈറ്റ്, 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ എന്നീ വിഭാഗങ്ങളിലായി ആണ് കുട്ടികള്‍ക്കും പെണ് കുട്ടികള്‍ക്കും പ്രത്യേക മത്സരങ്ങളാണ് നടക്കുന്നത്. മത്സരങ്ങളില്‍ 1,2,3 സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ഭോപ്പാലില്‍ വച്ച് നടക്കുന്ന ദേശീയതല മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കും