സെപ്റ്റംബർ ഒന്നിന് ഉദ്ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന് ശേഷം ഈ മാസം തന്നെ സിയാൽ രണ്ട് വലിയ പദ്ധതികൾ കമ്മിഷൻ ചെയ്യുകയാണ്. വിമാനത്താവള ഓപ്പറേഷണൽ മേഖലയുടെ സുരക്ഷയ്ക്കായി ഒരുക്കിയ അത്യാധുനിക ഇല്ക്ട്രോണിക് കവചമാണ് ഒന്ന്. ഇന്റർനാഷണൽ ടെർമിനലിൽ, വിസ്തൃതിയും സുഖസൗകര്യങ്ങളും വർധിപ്പിച്ച് പുതുക്കിയ ലോഞ്ച് ആണ് രണ്ടാമത്തേത്. ഈ സംവിധാനങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും.
ചുറ്റുമതിൽ ഇലക്ട്രോണിക് സുരക്ഷാ വലയം വിമാനത്താവള ഓപ്പറേഷണൽ മേഖലയ്ക്ക് ‘ പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റത്തിന്റെ (പിഡ്സ്) ‘ സുരക്ഷ. 12 കി.മി ചുറ്റുമതിലിൽ (മാരകമാവാത്ത വിധം) വൈദ്യുതി വേലി, ഫൈബർ ഒപ്റ്റിക് വൈബ്രേഷൻ സെൻസർ, തെർമൽ ക്യാമറകൾ ഘടിപ്പിച്ചു. ചുറ്റുമതിലിലും കാനകളിലുമുണ്ടാകുന്ന നേരിയ കമ്പനങ്ങളും താപ വ്യതിയാനവും തത്സമയം കൺട്രോൾ സെന്ററിലേയ്ക്ക് അയക്കുന്നു. ഇത്രയും സമഗ്രമായ സുരക്ഷാ കവചം ഇന്ത്യയിലാദ്യം. 30 കോടി രൂപയാണ് ചെലവ്. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് ആണ് പിഡ്സിനുവേണ്ട സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിയത്.
രാജ്യാന്തര ടെർമിനൽ പുതിയ ലോഞ്ച് ടെർമിനൽ-3 ന്റെ ഡിപ്പാർച്ചറിൽ അധിക ലോഞ്ച് നിർമിച്ചു. ഇതോടെ ലോഞ്ചിന്റെ വിസ്തൃതി 14,000 ചതുരശ്രയടിയിൽ നിന്ന് 21,000 ചതുരശ്രയടിയായി വർധിപ്പിച്ചു. തിരക്കേറിയ സമയത്തും ഇനി സൗകര്യപ്രദമായി ലോഞ്ച് അനുഭവം ലഭ്യമാകും. അർഹതയുള്ള ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഹോൾഡർമാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം.
സെപ്റ്റംബർ ഒന്നിന് കമ്മിഷൻ ചെയ്ത 0484 എയ്റോ ലോഞ്ചിൽ ഒക്ടോബർ രണ്ടാം വാരത്തോടെ ബുക്കിങ് തുടങ്ങും.