കോഴിക്കോട് ബീച്ച് ആശുപത്രി വളപ്പിലും പരിസരത്തും സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷം. ആശുപത്രി വളപ്പിലെ ഡി- അഡിക്ഷൻ സെന്ററിലെ ഒ.എസ്.ടി (ഓറൽ സബ്സ്റ്റിറ്റ്യൂഷൻ തെറാപ്പി) സെന്ററിന്റെ പൊളിഞ്ഞ് വീഴാറായ കെട്ടിടമാണ് സംഘങ്ങളുടെ താവളം. ചികിത്സയുടെ മറവിൽ സാമൂഹിക വിരുദ്ധർ കേന്ദ്രീകരിക്കുന്നതായി ആശുപത്രി അധികൃതർ നേരത്തെ കളക്ടർക്ക് അടക്കം പരാതി നൽകിയിരുന്നു. തുടർന്ന് സെന്റർ മാറ്റാൻ ആശുപത്രി വികസന സമിതി യോഗം തീരുമാനിക്കുകയും പി.ഡബ്ല്യു.ഡി എൻജിനീയർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. പിന്നാലെ പി.ഡബ്ല്യു.ഡി അധികൃതർ കെട്ടിടം പരിശോധിച്ചെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായില്ല.
കൂട്ടിരിപ്പുകാരെന്ന വ്യാജേന ഇവിടെയെത്തുന്ന സാമൂഹിക വിരുദ്ധർ രോഗികൾക്കും ജീവനക്കാർക്കും ഭീഷണിയാവുകയാണ്. ആശുപത്രി വളപ്പിൽ അപകടകമായ രീതിയിൽ വാഹനം ഓടിച്ചു കയറ്റുന്നതും ജീവനക്കാരെയും രോഗികളുടെ കൂട്ടിരിപ്പുകാരെ അസഭ്യം പറയുന്നതുമടക്കം നിരവധി സംഭവങ്ങളാണ് ഇതിനകം ഉണ്ടായിരിക്കുന്നത്. ആശുപത്രി വളപ്പിൽ പുതുതായി നിർമിച്ച അമ്മത്തൊട്ടിൽ പരിസരത്തും ഇവരുടെ ശല്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. വിദ്യാർത്ഥികളടക്കമുള്ള സംഘങ്ങൾ ഇവിടെയിരുന്ന് ലഹരി ഉപയോഗിക്കുന്നതും സ്ഥിരം കാഴ്ചയാണ്. ഒ.എസ്.ടി ക്ലിനിക്ക് ആയതിനാൽ അധികമാരും ഈ ഭാഗത്തേക്ക് വരില്ലെന്നതും ചോദിക്കില്ലെന്നുമുള്ള ധൈര്യമാണ് ഇക്കൂട്ടർക്ക് സഹായമാവുന്നത്. നാഷനൽ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഒ.എസ്.ടി കേന്ദ്രം പ്രവർത്തിക്കുന്നത്.