കോഴിക്കോട് | ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി, വൈറൽ പനി ബാധിതരുടെ എണ്ണം കൂടിയതോടെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടക്കാൻ ഇടമില്ല. വാർഡിൽ സ്ഥലമില്ലാതായതോടെ വരാന്തയിലും മറ്റും നിലത്തു പായ വിരിച്ചു കിടക്കുന്നവരുടെ എണ്ണവും നാൾക്കുനാൾ വർധിക്കുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ചികിത്സയ്ക്കു ശേഷവും പനി കുറയാതെ ഗുരുതരാവസ്ഥയിലുള്ള രോഗികളാണ് കൂടുതലും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നത്.
ഡെങ്കിപ്പനി ബാധിച്ച് പ്ലേറ്റ്ലെറ്റ് കൗണ്ട് 20,000 വരെ താഴ്ന്ന രോഗികളെയാണ് കൂടുതലും ഇവിടേക്ക് കൊണ്ടുവരുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.14 മെഡിസിൻ വാർഡുകളിൽ 350 കിടക്കകളാണുള്ളത്. ഓരോ വാർഡിലും ഒപി ദിവസങ്ങളിൽ 2 ഇരട്ടിയിലേറെ രോഗികളെ പ്രവേശിപ്പിക്കേണ്ടി വരുന്നു. 1 മുതൽ 8 വരെയുള്ള വാർഡുകൾക്ക് മുന്നിലെ വരാന്തയിൽ നിലത്താണു രോഗികൾ കിടക്കുന്നത്. മെഡിസിൻ വാർഡുകളാക്കി മാറ്റിയ പഴയ അത്യാഹിത വിഭാഗത്തിൽ അൻപതിലേലേറെ രോഗികൾ കിടക്കുന്നുണ്ട്.
ജലദോഷം, തൊണ്ടവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയുള്ള വൈറൽ പനിയാണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. ഇവരിൽ നടത്തിയ പരിശോധനയിൽ കോവിഡ്, എച്ച്1എൻ1, ആർഎസ്വി (ശ്വാസകോശത്തിൽ അണുബാധയുണ്ടാകുന്ന വൈറസ് പകർച്ചവ്യാധി), അഡെനോ വൈറസ് തുടങ്ങി വിവിധ വൈറൽ പനിയാണ് കൂടുതൽ കണ്ടെത്തിയത്.രോഗിയിൽ നിന്ന് വളരെ വേഗം പകരുന്നതിനാൽ മാസ്ക് ധരിക്കുന്നത് രോഗം തടയാൻ സഹായിക്കും. പ്രായമുള്ളവരിലും മറ്റ് രോഗങ്ങളുള്ളവരിലും ഇത് കൂടുതൽ സങ്കീർണമാകാൻ സാധ്യതയുണ്ടെന്ന് മെഡിസിൻ വിഭാഗം മേധാവി ഡോ.പി.ജയേഷ്കുമാർ പറഞ്ഞു.ആശുപത്രി സന്ദർശനം ഒഴിവാക്കണം. സാധാരണ ജലദോഷം വന്നാലും തള്ളിക്കളയാതെ ചികിത്സ തേടണമെന്നും ഡോക്ടർ പറഞ്ഞു.