കാട്ടാക്കട : റോഡ് ടാറിങ്ങിനായി കൊണ്ടുപോയ യന്ത്രം പിന്നോട്ടുരുണ്ട് സ്കൂട്ടറിൽ ഇടിച്ച് യുവതിക്കു പരിക്കേറ്റു. കാട്ടാക്കട പൊട്ടൻകാവ് ഇറക്കത്തിൽ ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റ മണ്ഡപത്തിൻകടവ് സ്വദേശി സുസ്മിത(38)യെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട്ടാക്കട-പേയാട് റോഡ് നവീകരണത്തിനായി മലയിൻകീഴ് ഭാഗത്തുനിന്ന് കാട്ടാക്കടയിലേക്കു കൊണ്ടുപോകുകയായിരുന്ന കൂറ്റൻ ടാർ ഫില്ലിങ് യന്ത്രമാണ് പൊട്ടൻകാവിലേക്കുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പിന്നിലേക്കുരുണ്ടത്. ഇതിനു തൊട്ടുപിന്നിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിനെ തട്ടിവീഴ്ത്തിയശേഷം അടുത്തുള്ള മതിലിൽ ഇടിച്ചാണ് യന്ത്രം നിന്നത്.
വണ്ടിയോടൊപ്പം യന്ത്രത്തിന് അടിയിലായ യുവതിയെ ഓടിക്കൂടിയ നാട്ടുകാരാണ് പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. റോഡിൽ വേറെയും വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിലും യന്ത്രം പുറകോട്ടുവരുന്നത് കണ്ട് നീക്കിയതിനാൽ വലിയ അപകടമൊഴിവായി.